കോട്ടയം: പ്രണയം നിരസിച്ചതിനെ തുടർന്ന് സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിതിനയുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടക്കും. തുടർന്ന് തലയോലപ്പറമ്പിലെ വീട്ടിൽ ഒരു മണിക്കൂർ പൊതുദർശനം നടത്തും. ഉച്ചയോടെ വൈക്കം തുറുവേലിക്കുന്നിലെ ബന്ധുവീട്ടിൽ സംസ്‌കാരം നടക്കും.
അതേ സമയം നിതിനാ മോളെ കൊലപ്പെടുത്താൻ പ്രതി അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയതായി മൊഴി. ഒരാഴ്ച മുൻപ് കൂത്താട്ടുകുളത്തെ കടയിൽ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. ഈ കടയിൽ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഇന്ന് തന്നെ സംഭവം നടന്ന് പാലാ സെന്റ് തോമസ് കോളജിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രണയം നിരസിച്ചതോടെ പെൺകുട്ടിയുടെ അമ്മയ്ക്ക് അടക്കം ഇയാൾ ഭീഷണി സന്ദേശം അയച്ചിരുന്നു. ഫോൺ വിവരങ്ങൾ ശേഖരിക്കാനും പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്. .
പ്രണയത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അഭിഷേക് മൊഴി നൽകിയിരുന്നു. കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച അന്വേഷണ സംഘം, ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും.