സംഗീതയുടെ സിവില്‍ സര്‍വീസ് സ്വപ്നത്തിന് കരുത്തേകാന്‍ കളക്ടര്‍ ജാഫര്‍ മാലിക്; പഠനത്തിന് ആവശ്യമായ ബുക്കുകള്‍ കൈമാറി

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ സിവില്‍ സര്‍വീസ് മോഹവുമായി ചായക്കട നടത്തുന്ന സംഗീത ചിന്നമുത്തുവിന് പഠനസഹായവുമായി എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്. പഠനത്തിനാവശ്യത്തിനുള്ള പുസ്തകങ്ങളടങ്ങിയ പഠനകിറ്റ് കളക്ടര്‍ സംഗീതക്ക് കൈമാറി. കൊച്ചിയിലെ എഎല്‍എസ് ഐഎഎസ് അക്കാദമിയുടെ സഹായത്തോടെയാണ് സംഗീതക്ക് പഠന കിറ്റ് നല്‍കിയത്.

എം.കോം പഠനത്തിന് ശേഷം സുഹൃത്തുക്കളുടെ സഹായത്തോടെ വീട്ടില്‍ സ്വന്തമായിട്ടായിരുന്നു സംഗീതയുടെ പഠനം. കൂട്ടുകാര്‍ അയച്ചുനല്‍കുന്ന നോട്ട്‌സ് ഉപയോഗിച്ചായിരുന്നു സംഗീതയുടെ പഠനം മുന്നോട്ടുപോയിരുന്നത്. ഇത് അറിഞ്ഞാണ് കളക്ടര്‍ പുസ്തകങ്ങള്‍ നല്‍കി സഹായിച്ചത്. കുട്ടിക്കാലം മുതലുള്ളതാണ് സംഗീതയുടെ ഐഎഎസ് നേടുകയെന്ന സ്വപ്നം. ബി കോമിന് ശേഷം ഇഗ്‌നോ വഴിയാണ് എംകോം പൂര്‍ത്തിയാക്കിയത്.

കളക്ടര്‍ പുസ്തകങ്ങള്‍ എത്തിച്ച് നല്‍കിയതില്‍ വളരെയധികം സന്തോഷമുണ്ട്. മാധ്യമങ്ങളിലെ വാര്‍ത്തയെ തുടര്‍ന്ന് അദ്ദേഹം നേരത്തെ കടയില്‍ പോയി സംഗീതയെ കണ്ടിരുന്നു.

തമിഴ്‌നാട്ടിലെ കമ്പത്തുനിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഗീതയുടെ അച്ഛന്‍ ചിന്നമുത്തു കൊച്ചിയിലെത്തിയത്. സംഗീത ജനിച്ചത് തമിഴ്‌നാട്ടിലാണെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം കൊച്ചിയിലാണ്. ഇസ്തിരി പണിക്കാരനായ ചിന്നമുത്തുവിന്റെയും സിംഗലി അമ്മാളിന്റെയും രണ്ട് മക്കളില്‍ ഇളയവളാണ് സംഗീത.

Exit mobile version