കോഴിക്കോട്: കമ്പ്യൂട്ടറില്‍ നിന്ന് വിവരം ചോര്‍ത്താനുള്ള ആഭ്യന്തര മന്ത്രലയത്തിന്റെ ഉത്തരവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജെസ്റ്റിസ് കെമാല്‍പാഷ. നിയമ സംവിധാനങ്ങളുടെ ശക്തി ഒന്നുകൊണ്ടു മാത്രമാണ് ഭരണഘടന നിലനിന്ന് പോവുന്നത്. സര്‍ക്കാരിനെ മുട്ടുകുത്തിക്കാന്‍ തരത്തിലുള്ള നട്ടെല്ലുള്ള ജൂഡീഷ്യറി ഇല്ലെങ്കില്‍ നമ്മള് ഇനിയും മൃഗതുല്യരാക്കപ്പെടുമെന്നും ജെസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.
രാജ്യത്തെ ഏത് പൗരന്റേയും കംപ്യൂട്ടറിലേയും സ്മാര്‍ട്ട് ഫോണിലേയും വിവരം ചോര്‍ത്താനുള്ള അധികാരം പത്ത് ഏജന്‍സികള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയിരിക്കുകയാണ്. ഇത് ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശങ്ങളിലേക്കുള്ള കടന്നു കയറ്റമാണ്. രാജ്യസുരക്ഷയ്ക്കായാണ് ഇത്തരം നടപടിയെന്നാണ് വാദം. ഇനിയും പ്രതികരിച്ചില്ലെങ്കില്‍ നമ്മള് വിഡ്ഢികാളായിപ്പോവും. ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാരിനെ മുട്ടുമടക്കിപ്പിക്കാനുള്ള നട്ടെല്ല് നമ്മുടെ ജുഡീഷ്യറിക്കുണ്ടാവണമായിരുന്നു. അതുപോലും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
പരമോന്നത കോടതി പുറപ്പെടുവിക്കുന്ന വിധിപോലും എക്സിക്യൂട്ടീവ് ഓര്‍ഡര്‍വഴി മറികടക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് പല വിധികളും വന്നുകൊണ്ടിരികുന്നത്. നമ്മള് എന്തും സഹിക്കും എന്ന തോന്നലുളളത് കൊണ്ടാണ് ഇത്തരത്തിലുള്ള വിധികള്‍ ഉണ്ടാവുന്നത്. ഭരണ ഘടന ഉറപ്പ് നല്കുന്ന അധികാരങ്ങളും അവകാശങ്ങളുമെല്ലാം പരമാധികാരികള്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളൂ. സാധാരണക്കാരുടെ ജീവിതം മൃഗതുല്യമാവുകയാണെന്നും കെമാല്‍ പാഷ പറഞ്ഞു. ഒരു നിയമത്തിന്റേയും പിന്‍ബലമില്ലാതെ നമ്മുടെ മൗലികാവകാശങ്ങളെല്ലാം കവര്‍ന്നെടുക്കുകയാണെന്നും, അടിയന്തരാവസ്ഥ കാലത്ത് പോലും ഇല്ലാത്തെ സ്ഥിതിയാണിതെന്നും, ഇത് ഭീതിയുണ്ടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെഎസ്ടിഎയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടക്കുന്ന വിദ്യാഭ്യാസ മഹോത്സവത്തില്‍ ഭരണഘടനയും മൂല്യങ്ങളും എന്ന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post