കോഴിക്കോട്: പോലൂരിലെ ഇരുനില വീടിനകത്ത് നിന്ന് അസാധാരണശബ്ദവും പ്രകമ്പനവും ഉണ്ടാകുന്നതിന് കാരണം മണ്ണൊലിപ്പെന്ന് പ്രാഥമികനിഗമനം. വിദഗ്ധസംഘം സ്ഥലത്ത് വീണ്ടും പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിഗമനത്തിലെത്തിയിരിക്കുന്നത്. ഫയർഫോഴ്‌സും ജിയോളജി വിഭാഗവും പരിശോധിച്ചെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്തിയില്ല.
മൂന്നാഴ്ചയായി വീട്ടുകാരുടെ ഉറക്കം കെടുത്തുന്ന വീട്ടിനുള്ളിലെ അസാധാരണ ശബ്ദത്തെ കുറിച്ച് പഠിക്കാൻ കേന്ദ്ര ഭൗമ ശാസ്ത്ര പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് വിദഗ്ധ പരിശോധന നടത്തിയിത്. വീടിനുള്ളിൽ ഇടയ്ക്കിടെ ശബ്ദം കേൾക്കുന്നതും പ്രകമ്പനം ഉണ്ടാകുന്നതുമാണ് ബിജുവിനെയും കുടുംബത്തേയും പേടിപ്പെടുത്തിയിരുന്നത്.
അഞ്ചുവർഷം മുമ്പാണ് ബിജു ഈ ഇരുനില വീട് നിർമിച്ചത്. മൂന്നാഴ്ച മുമ്പ് മുതൽ രാത്രി ഇടയ്ക്കിടെ വീടിനുള്ളിൽ ശക്തിയായി ഇടിക്കുന്ന ശബ്ദം കേട്ട് തുടങ്ങി. പകലും ഈ ശബ്ദം ഉണ്ടായതോടെ ഫയർഫോഴ്‌സിനെ അറിയിച്ചു. തറയിൽ പാത്രത്തിൽ വെള്ളം വച്ചാലും ഇടയ്ക്കിടെ തുളുമ്പും. ഫയർഫോഴ്‌സെത്തി വീടിന്റ ഉള്ളിലും പുറത്തും പരിശോധിച്ചെങ്കിലും കാര്യമായൊന്നും ശ്രദ്ധയിൽപെട്ടില്ല. ഫയർഫോഴ്‌സിന്റ ആവശ്യം പ്രകാരം ജില്ലാ ജിയോളജിസ്റ്റും മണ്ണ് പരിശോധന വിഭാഗം മേധാവിയും വീട്ടിലെത്തി. വീടിന് ബലക്ഷയമില്ലെന്നും തൽക്കാലം മാറിത്താമസിക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞിരുന്നെങ്കിലും ബിജുവിനും കുടുംബത്തിനും ഭയം ഒഴിയുന്നില്ല.
Discussion about this post