കൊച്ചി: പുരാവസ്തു തട്ടിപ്പിന് പുറമെ വ്യാജചികിത്സ നടത്തിയും മോൻസൺ മാവുങ്കൽ ആളുകളെ വീഴ്ത്തിയിരുന്നെന്ന് റിപ്പോർട്ട്. ആരേയും സംസാരിച്ച് വീഴ്ത്താൻ കഴിവുള്ള മോൻസൺ മാവുങ്കൽ സ്ത്രീകളെ വീഴ്ത്തിയിരുന്നത് സൗന്ദര്യവർധക വസ്തുക്കൾ നൽകി. ‘കോസ്മറ്റോളജിസ്റ്റ്’ ആണെന്ന് അവകാശപ്പെട്ടിരുന്ന മോൻസൺ സൗന്ദര്യവർധക വസ്തുക്കൾ ചികിത്സയുടെ ഭാഗമായി നൽകിയിരുന്നു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വിലകൂടിയ സൗന്ദര്യവർധക വസ്തുക്കളായിരുന്നു ഇവ. അതിനാൽത്തന്നെ പലർക്കും ഫലപ്രാപ്തിയും ലഭിച്ചു. ഈ വിവരം പരസ്പരം പറഞ്ഞ് കൂടുതൽപേർ അറിഞ്ഞതോടെയാണ് ഇയാളുടെ തട്ടിപ്പും കൊഴുത്തത്.
തുടർന്ന് നിരവധിപേർ മോൻസന്റെ അടുക്കൽ എത്തിയിരുന്നു. ചില ഉന്നതരുടെ ഭാര്യമാരും സൗന്ദര്യചികിത്സ തേടി എത്തിയിരുന്നതായാണ് അന്വേഷണസംഘത്തിന് ലഭിച്ചിരുന്ന വിവരം.
ഇതിനിടെ, വിദേശത്തുനിന്ന് ഒരു പരിപാടിയിൽ പങ്കെടുക്കാൻ വന്ന വനിതയെ മോൺസൺ ആകർഷിച്ചത് വാക്ചാതുരിക്കൊപ്പം സാരിയുടുക്കാൻ പഠിപ്പിച്ചുകൊണ്ടു കൂടിയാണ്. ഇവരോട് പ്രധാന ചടങ്ങുകളിൽ സാരി ധരിച്ച് വരാൻ നിർദേശിക്കുകയും സാരിയുടുക്കാൻ ഇയാൾ പഠിപ്പിക്കുകയും ചെയ്തു.
മോൻസൺ മാവുങ്കലിനെ കലൂരിലെ വീട്ടിലെത്തിച്ചു വീണ്ടും തെളിവെടുത്തു. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്ത് കൊച്ചിയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. പ്രതി വ്യാജഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയോ എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Discussion about this post