തിരുവനന്തപുരം: പോലീസ് പെറ്റിയടിച്ചതിന്റെ വാശിയില്‍ പോലീസ് യൂണിഫോമില്‍ കയറിയ ഒരു യുവാവുണ്ട് കൊല്ലത്ത്. കരുനാഗപ്പള്ളി സ്വദേശി അമീര്‍ ആണ് പെറ്റി കിട്ടിയതിന്റെ വാശിയില്‍ കേരള പോലീസില്‍ ചേര്‍ന്നത്.
വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സംഭവം. അമീര്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം. ബാപ്പയുമായി ബൈക്കില്‍ സഞ്ചരിക്കവേ ഹെല്‍മെറ്റ് വെക്കാന്‍ മറന്നു. പോലീസ് കയ്യോടെ പൊക്കി, പെറ്റിയടിച്ചു.
അന്ന് തീരുമാനിച്ചു, പോലീസില്‍ കേറുമെന്ന്. ഒരുപാട് കഷ്ടപ്പെട്ടു. ഒത്തിരിപ്പേര്‍ സഹായിച്ചു. പരിശീലനത്തിന് വന്നപ്പോള്‍ കുറച്ചു പേടിയുണ്ടായിരുന്നു. പത്തുമാസം കഴിഞ്ഞപ്പോ ഊര്‍ജം ഉന്മേഷവുമൊക്കെയായി വളരെ ഹാപ്പിയാണ്, അമീര്‍ പറയുന്നു.
ആ പെറ്റിയിപ്പോഴും തന്റെ പേഴ്സിലുണ്ടെന്ന് അമീര്‍ പറഞ്ഞു. ആ പെറ്റി സൂക്ഷിച്ചു വെച്ചു. ജോലിയില്‍ കയറിയിട്ട് അത് എടുത്തുനോക്കണം എന്നൊരു വാശിയുണ്ടായിരുന്നു.
അതേസമയം, മകന്റെ നേട്ടത്തില്‍ സന്തോഷത്തിലാണ് കുടുംബാംഗങ്ങള്‍. നേടുമെന്ന് വാശിയുണ്ടായിരുന്നു നേടി- അമീര്‍ കാക്കിക്കുപ്പായം അണിയുന്നതിനെ കുറിച്ച് അമ്മയുടെ പ്രതികരണം ഇങ്ങനെ. ഗള്‍ഫില്‍ പോകണമെന്ന് പറയുമ്പോള്‍, അതു പോരാ ഞാന്‍ നാട്ടില്‍ ഒരു ജോലി നേടും എന്നായിരുന്നു അമീറിന്റെ വാശിയെന്ന് പിതാവും പറയുന്നു.
തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി. ഗ്രൗണ്ടില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 2362 പേരാണ് കേരളാ പോലീസിന്റെ ഭാഗമായത്.