പാമ്പാടി: സൗത്ത് പാമ്പാടിയില്‍ പകലും രാത്രിയിലും കുറുക്കന്റെ ആക്രമണം. മൂന്നു പേര്‍ക്ക് സാരമായി പരിക്കേറ്റു. വീടിന്റെ മുറ്റത്തുവെച്ചാണ് ആക്രമണമുണ്ടായത്. സൗത്ത് പാമ്പാടി മാലത്ത് സജിയുടെ ഭാര്യ ബിന്‍സി(50), അയല്‍വാസി മന്നേടത്ത് തോമസ് ഫിലിപ്പ് (51) എന്നിവര്‍ക്ക് നേരെയാണ് കുറുക്കന്റെ ആക്രമണമുണ്ടായത്. പകലായിരുന്നു ഇവര്‍ക്ക് നേരെയുള്ള ആക്രമണം.
രാത്രി 8 മണിയോടെയാണ് വത്തിക്കാന്‍ കവല കോലമ്മാക്കല്‍ സിബിക്ക് ആക്രമണത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു ആദ്യ ആക്രമണം. കോഴികളുടെ ബഹളം കേട്ട് പട്ടികള്‍ ശല്യം ചെയ്യുകയാണെന്നു കരുതിയാണ് ബിന്‍സി മുറ്റത്തേക്കിറങ്ങിയത്. കുറുക്കനാണെന്നു മനസ്സിലായ ബിന്‍സി പിന്മാറുന്നതിനു മുന്‍പ് കുറുക്കന് ആക്രമിച്ചു.
കാലില്‍ കടിച്ചപ്പോള്‍ കുനിഞ്ഞു തള്ളിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ തലയിലും കടിച്ചു. ബിന്‍സിയുടെ ബഹളം കേട്ടാണ് അയല്‍ക്കാരനായ തോമസ് എത്തിയത്. തോമസിന്റെ കാലിലാണ് കുറുക്കന് കടിച്ചത്. ഇരുവര്‍ക്കും ആഴത്തിലുള്ള മുറിവാണേറ്റത്. അയല്‍വാസികളാണ് ഇരുവരെയും പാമ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്കുശേഷം ഇരുവരെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുറുക്കന്റെ കടിയേറ്റതിനാല്‍ ഇരുവര്‍ക്കും 20,000 രൂപയുടെ പേവിഷ പ്രതിരോധ സീറം എടുക്കേണ്ടിവന്നു.
വീട്ടു മുറ്റത്തിനു സമീപം നില്‍ക്കുമ്പോഴാണ് സിബിയെ രാത്രിയില്‍ കുറുക്കന് ആക്രമിച്ചത്. കാലിനു ചെറിയ മുറിവു മാത്രം സംഭവിച്ചതിനാല്‍ പാമ്പാടി ആശുപത്രിയില്‍നിന്നു കുത്തിവയ്പ്പെടുത്തതിനുശേഷം ഡിസ്ചാര്‍ജ് ചെയ്തു. ഇവരുടെ വീടുകള്‍ക്കു സമീപമുള്ള കാടുപിടിച്ച പറമ്പുകളാണ് കുറുക്കന്മാരുടെ കേന്ദ്രം. പലതവണ പഞ്ചായത്തില്‍ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. സൗത്ത് പാമ്പാടിയിലെ കല്ലാപ്പുറം, മുളെയക്കുന്ന്, കൈതമറ്റം, നെടുങ്ങേറ്റുമല എന്നിവിടങ്ങളില്‍ കാട്ടുപന്നി, കുറുക്കന് എന്നിവയുടെ ആക്രമണം പതിവ് കാഴ്ചയാവുകയാണ്.
Discussion about this post