കോഴിക്കോട്: യേശുവിനെ ഒറ്റുകൊടുക്കാന്‍ യൂദാസിന് ലഭിച്ച വെള്ളിക്കാശ് എന്ന പേരില്‍ മോണ്‍സന്‍ മാവുങ്കല്‍ പ്രചരിപ്പിച്ചത് റോമന്‍ കാലത്തെ വെള്ളിനാണയങ്ങളെന്ന് ചരിത്ര ഗവേഷകന്‍ ഡോ. എംജി ശശിഭൂഷണ്‍.
പുറത്തുവന്ന ചിത്രങ്ങള്‍ പ്രകാരം അത് റോമന്‍ നാണയങ്ങളാണെന്നും ഇത് പലരുടെയും കൈവശമുണ്ടെന്നും യൂദാസിന്റെ വെള്ളിക്കാശാണെന്ന് പറയുന്നത് കള്ളത്തരമാണെന്നും അദ്ദേഹം പറഞ്ഞു.
റോമന്‍ വെള്ളിനാണയവും സ്വര്‍ണനാണയവുമുണ്ട്. പുറത്തുവന്ന ഫോട്ടോകളിലുള്ളത് റോമന്‍ വെള്ളിനാണയമാണെന്നാണ് കരുതുന്നത്. അത് വ്യാജമാണെന്ന് തോന്നുന്നില്ല. അത് തേഞ്ഞിരുന്നു. വ്യാജമാണെങ്കില്‍ ഇത്രയും തേയില്ല. എന്നാല്‍ അത് യൂദാസിന്റെ വെള്ളിക്കാശാണെന്ന് പറയുന്നത് കള്ളമാണെന്നും എംജി ശശിഭൂഷണ്‍ പറഞ്ഞു.
യേശു ജീവിച്ചിരുന്നത് ക്ലോഡിയസ് സീസറിന്റെ കാലത്താണ്. ക്ലോഡിയസ് സീസറിന്റെ കാലത്തെ നാണയങ്ങള്‍ കേരളത്തിലെ സ്വകാര്യ പുരാവസ്തുശേഖരക്കാരുടെ കൈയില്‍ ഇഷ്ടം പോലെയുണ്ട്.
1945-ല്‍ ലക്ഷദ്വീപിലെ കടമത്ത് ദ്വീപില്‍നിന്ന് പതിനായിരം നാണയങ്ങള്‍ കിട്ടിയിരുന്നു. അതില്‍ കുറച്ച് നാണയങ്ങള്‍ മദ്രാസ് മ്യൂസിയത്തിലേക്ക് പോയി. എല്ലാ നാണയങ്ങളും മ്യൂസിയത്തില്‍ എത്തണമെന്നില്ലല്ലോ, അത് പലയിടത്തായും പ്രചരിക്കുന്നുണ്ട്.
1987-ന് ശേഷം നെടുങ്കണ്ടത്തുനിന്ന് റോമന്‍ നാണയങ്ങള്‍ കിട്ടിയിരുന്നു. അതില്‍ 50 എണ്ണം മാത്രമേ പുരാവസ്തു വകുപ്പിന്റെ കൈവശം വന്നിട്ടുള്ളൂ. നെടുങ്കണ്ടം പഴയ വ്യാപാരപാതയായിരുന്നു. അങ്ങനെയാകും ആ നാണയങ്ങള്‍ അവിടെവന്നത്. അതില്‍ പലതും ആളുകളുടെ കൈയിലെത്തിയിട്ടുണ്ട്.
1949-ല്‍ തൃശ്ശൂര്‍ ജില്ലയിലെ എയ്യാല്‍ എന്ന സ്ഥലത്തുനിന്ന് റോമന്‍ വെള്ളിനാണയങ്ങള്‍ കിട്ടിയിരുന്നു. അതെല്ലാം നാട്ടില്‍ പലയിടത്തായി പ്രചരിക്കുന്നുണ്ട്. ഇതോടൊപ്പം റോമന്‍ സ്വര്‍ണനാണയങ്ങളും പലരുടെയും കൈയിലുണ്ട്.
1983-ല്‍ എറണാകുളത്തെ വള്ളുവള്ളി എന്ന സ്ഥലത്ത് ഇതുപോലെ നാണയങ്ങള്‍ ലഭിച്ചിരുന്നു. ആ നാണയങ്ങള്‍ സര്‍ക്കാരിന് വേണ്ടി പരിശോധിക്കാന്‍ പോയിരുന്നു.”- ശശിഭൂഷണ്‍ വിശദീകരിച്ചു.