കൊച്ചി: അപ്രതീക്ഷിതമായി ബ്രേക്കിട്ട ടിപ്പര്‍ ലോറിക്ക് പിന്നിലേയ്ക്ക് ഇടിച്ചു കയറി സ്‌കൂട്ടര്‍ യാത്രികയായ നഴ്‌സ് മരിച്ചു. അങ്കമാലി തുറവൂര്‍ അയ്യമ്പിള്ളി വീട്ടില്‍ സോയലിന്റെ ഭാര്യ സുനിതയാണ് (35) മരിച്ചത്. അങ്കമാലി മൂക്കന്നൂര്‍ എം. എ. ജി. ജെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്. ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
ഇന്ന് രാവിലെ 7.15ഓടെ മൂക്കന്നൂര്‍ – തുറവൂര്‍ റോഡില്‍ ചുളപ്പുര ഭാഗത്തു വെച്ച് മുന്നില്‍ അതിവേഗം സഞ്ചരിക്കുകയായിരുന്ന ടിപ്പര്‍ പെട്ടെന്ന് ബ്രേക്കിട്ടതോടെ സുനിതയുടെ സ്‌കൂട്ടര്‍ ടിപ്പറിന് പിന്നിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. തല ടിപ്പറിന് പിന്നില്‍ ഇടിച്ച ശേഷം സുനിത തെറിച്ചുവീണു.
വീഴ്ചയില്‍ തലയും മുഖവും തകര്‍ന്നു. സുനിതയെ ഉടനെ എം.എ.ജി.ജെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post