കൊച്ചി: തട്ടിപ്പുവീരന്‍ മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തുവിന്റെ പേരില്‍ കബളിപ്പിക്കാന്‍ ശ്രമിച്ചവരില്‍ രാഹുല്‍ ഈശ്വറും. ശബരിമലയും പന്തളം രാജകുടുംബവമായും ബന്ധപ്പെട്ട ചെമ്പോലകള്‍ തന്റെ കൈയ്യിലുണ്ടെന്ന് പറഞ്ഞാണ് മോന്‍സണ്‍ രാഹുലിനെ ചില പ്രമുഖര്‍ വഴി ക്ഷണിച്ചത്. എന്നാല്‍ ഇതില്‍ സംശയം തോന്നിയിരുന്നതായി രാഹുല്‍ പറഞ്ഞു.
മോന്‍സന്റെ കൈയ്യില്‍ ഒരു ചെമ്പോലയുണ്ടെന്നും അതിന് 350 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും പറഞ്ഞാണ് സിനിമാ മേഖലയിലുള്ളവര്‍ വഴി തന്നെ ബന്ധപ്പെട്ടത്. തന്നെ കാണിച്ച തകിടുകളില്‍ സംശയം തോന്നിയിരുന്നെന്നും അപ്പോള്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ചരിത്രത്തില്‍ താല്‍പര്യമുള്ള ഒരു വ്യക്തിയെന്ന നിലയിലാണ് അത് കാണാന്‍ താന്‍ പോയത്. 2017 ലോ 18 ലോ ആണ് പോയത്. കൂടാതെ അന്ന് സുപ്രീം കോടതിയുടെ കേസും കൂടി നടക്കുന്ന സമയമായിരുന്നുവെന്നം കേസിന് ഉപകരിക്കുന്ന എന്തെങ്കിലും പഴയ രേഖകള്‍ കിട്ടുമോ എന്ന് കരുതിയാണ് പോയതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
പക്ഷെ കാണിച്ച കാര്യങ്ങളില്‍ സംശയം തോന്നി. യൂദാസിന് ഒറ്റിക്കൊടുത്തതിന് ലഭിച്ച വെള്ളിനാണയങ്ങളൊക്കെ എന്നെയും കാണിച്ചിരുന്നു. ഇതൊന്നും യഥാര്‍ത്ഥമല്ലെന്ന് പറയാന്‍ സാധാരണക്കാരന് എന്താ വഴിയെന്നും മാത്രമല്ല ഒരു കാര്യം കൂടി ശ്രദ്ധിക്കണം അവിടെയുള്ള പല സാധനങ്ങളും വിലപിടിപ്പുള്ളതാണ്, ഇവയുടെ പണ ശ്രോതസ്സും കൂടി അന്വേഷിക്കണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ഞാന്‍ അവിടെ ആദ്യം ചെല്ലുമ്പോള്‍ കാണുന്നത് പതിനഞ്ചോളം ആഡംബര കാറുകളാണ്. അന്ന് കേരളത്തിലെ രണ്ട് പ്രമുഖ മാധ്യമങ്ങള്‍ മോന്‍സന്റെ വീട്ടിലെ മ്യൂസിയം സംബന്ധിച്ച് വാര്‍ത്തയും ചെയ്തിരുന്നുവെന്നും ക്രെഡിബിലിറ്റി ഉണ്ടെന്ന് കരുതി ഏതൊരു സാധാരണക്കാരനെ പോലെ താനും അത് വിശ്വസിക്കുകയുണ്ടായിയെന്നും രാഹുല്‍ തുറന്നുപറഞ്ഞു.
ലോക്‌നാഥ് ബെഹ്‌റയടക്കമുളള പ്രമുഖരെല്ലാം ഇന്റര്‍നെറ്റില്‍ നോക്കുമ്പോള്‍ പ്രമുഖ ചാനലുകളിലെല്ലാം മോന്‍സന്റെ പുരാവസ്തുക്കളെക്കുറിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ട്. ഇത് കണ്ട് വിശ്വാസ യോഗ്യമാണെന്ന് കരുതിയാണ് ഇവരെല്ലാം പോവുന്നതെന്നും പ്രമുഖരെയെല്ലാം കുറ്റം പറയുന്നത് പോലെ മാധ്യമങ്ങള്‍ ഒരു സ്വയം വിമര്‍ശനവും നടത്തണമെന്നും രാഹുല്‍ പറഞ്ഞു..