കൊച്ചി: പുരാവസ്തുക്കളും ഉന്നത ബന്ധങ്ങളും കാണിച്ച് മോൻസൺ മാവുങ്കൽ കോടികൾ തട്ടിയെന്നാണ് ക്രൈംബ്രാഞ്ച് കോടതിയിൽ പറഞ്ഞതെങ്കിലും ഇയാൾ തട്ടിയെടുത്ത കോടികൾ എവിടെ എന്നതിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. ബാങ്ക് അക്കൗണ്ടുകൾ ഏറെക്കുറെ ശൂന്യമാണ്. വീട്ടിൽനിന്നും പണമൊന്നും കണ്ടെടുത്തിട്ടുമില്ല. ആരുടെയൊക്കെയോ ബിനാമിയാണോ മോൻസൺ എന്ന സംശയവും ഇതോടൊപ്പം ഉയരുകയാണ്.
ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായോ എന്നും ഇവർ സഹായങ്ങൾ ചെയ്തു നൽകിയോ എന്നുമൊക്കെ വരുംദിവസങ്ങളിൽ വ്യക്തമാകുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. വ്യാജ രേഖകൾ എങ്ങനെയുണ്ടാക്കി, പുരാവസ്തുക്കൾ എവിടെനിന്ന് എത്തിച്ചു, സാമ്പത്തിക സ്രോതസ്സ്, തട്ടിപ്പിലൂടെ ലഭിച്ച പണം എന്തുചെയ്തു എന്നീ വിവരങ്ങളാണ് അന്വേഷണം സംഘം നിലവിൽ ചോദിച്ചറിയുന്നത്.
ഇയാൾ ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് മാത്രം തട്ടിയെടുത്തത് 6.27 കോടി രൂപയാണ്. പത്തനംതിട്ട സ്വദേശി രാജീവിൽ നിന്ന് 1.62 കോടിയും. ഇതിനു പുറമേ കോഴിക്കോട് സ്വദേശി യാക്കൂബിൽ നിന്നുൾപ്പെടെ ആറുപേരിൽ നിന്നായി 10 കോടി രൂപയോളം തട്ടിയെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. പരാതി വന്നതു മാത്രം 18 കോടിയോളം രൂപയുണ്ട്. ഇതിനു പുറമേയാണ് വിദേശനിർമിത ആഡംബര കാറുകളുടെ പേരിലുള്ള തട്ടിപ്പിലെ കോടികൾ.
എങ്കിലും ഈ തുകയൊക്കെ എവിടെ പോയെന്ന് ക്രൈംബ്രാഞ്ചിന് സൂചന പോലും ലഭിച്ചിട്ടില്ല. വിദേശനിർമിത കാറിൽ നോട്ടെണ്ണൽ യന്ത്രം കണ്ടെടുത്തതിലൂടെ അന്വേഷണ സംഘത്തിന് ലഭിച്ച സൂചന ഇയാൾ പണം നേരിട്ട് കൈകാര്യം ചെയ്യുകയായിരുന്നു എന്നാണ്. ബാങ്ക് ഇടപാടുകളോ ഡിജിറ്റൽ ഇടപാടുകളോ നടന്നാൽ രേഖയാവും എന്നതാവാം കാരണം.
പുരാവസ്തു വിൽപ്പനക്കാരനെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കൽ ബിനാമിയെന്ന സംശയവും ഇതിനിടെ അന്വേഷണ സംഘത്തിനുണ്ട്. കോടിക്കണക്കിന് രൂപ മോൻസണിലൂടെ കൈമറിഞ്ഞതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഈ തുകയുടെ ഉറവിടം തേടിയാണ് ബുധനാഴ്ച ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ.
Discussion about this post