‘ഈ മോതിരം ഇട്ട് കാണണമെന്ന് അദ്ദേഹം ആഗ്രഹം പറഞ്ഞു’; മോന്‍സണ്‍ സമ്മാനിച്ച മോതിരത്തെക്കുറിച്ച് ഗായകന്‍ എംജി ശ്രീകുമാര്‍, ട്രോള്‍ പൂരം

Singer MG Sreekumar | Bignewslive

കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതിന് കൊച്ചിയില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ രാഷ്ട്രീയ പ്രമുഖരുടെയും സിനിമാ താരങ്ങളുടെയും ഒപ്പമുള്ള നിരവധി ചിത്രങ്ങളും മറ്റും പുറത്തുവന്നിരുന്നു. ഇപ്പോള്‍ സൈബറിടത്ത് നിറയുന്നത് ഗായകന്‍ എംജി ശ്രീകുമാര്‍ മോണ്‍സണുമായുള്ള സൗഹൃദം വെളിപ്പെടുത്തുന്ന വീഡിയോ ആണ്.

എംജി ശ്രീകുമാര്‍ മോന്‍സന്‍ സമ്മാനിച്ച ഒരു മോതിരത്തെക്കുറിച്ച് പറയുന്ന വീഡിയോ ആണ് വൈറലാകുന്നത്. ഒരു ചാനല്‍ പരിപാടിക്കിടെയാണ് സംഭവം. എംജി ശ്രീകുമാര്‍ ധരിച്ചിരിക്കുന്ന മോതിരം എവിടെ നിന്ന് കിട്ടി എന്ന് രമേഷ് പിഷാരടി ചോദിക്കുമ്പോള്‍ അദ്ദേഹം നല്‍കുന്ന മറുപടിയാണ് വീഡിയോയിലുള്ളത്.

‘എന്റെയൊരു ഫ്രണ്ടുണ്ട്. ഡോക്ടര്‍ മോന്‍സന്‍. പുരാവസ്തു കളക്ഷനൊക്കെയുള്ള ഒരു ഡോക്ടറാണ് അദ്ദേഹം. എം.ജി ഈ മോതിരം ഇട്ട് എനിക്കൊന്നു കാണണമെന്ന് അദ്ദേഹം എപ്പോഴും ആഗ്രഹം പറയും. അദ്ദേഹം തന്ന ഒരു ആന്റിക് പീസ് ആണിത്,” എം.ജി. ശ്രീകുമാര്‍ പറഞ്ഞു. മോതിരത്തിലെ കറുത്ത കല്ല് എന്താണെന്ന് രമേഷ് പിഷാരടി ചോദിക്കുമ്പോള്‍ എന്ത് കല്ലാണെന്ന് എനിക്ക് അറിയില്ല. ബ്ലാക്ക് ഡയമണ്ടോ, അങ്ങനെ പറയുന്ന എന്തോ ആണ് എന്നാണ് അദ്ദേഹം മറുപടി നല്‍കുന്നത്.

തുടര്‍ന്ന് ഇത്തരത്തിലുള്ളവ ധരിക്കാന്‍ തങ്ങളും തയാറാണെന്ന് രമേഷ് പിഷാരടിയും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയും തമാശ രൂപേണ പറയുന്നതും വീഡിയോയിലുണ്ട്. വീഡിയോ ഇതിനോടകം സൈബറിടത്ത് തരംഗമായി കഴിഞ്ഞു. ട്രോളുകളും നിറയുകയാണ്.

Exit mobile version