തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ പരാതിക്കാരുടെ 10 കോടി കൊടുക്കാനുണ്ടെന്ന വാദം കള്ളമെന്ന് മോൻസൺ മാവുങ്കൽ. നാല് കോടി മാത്രമാണ് കൊടുക്കാനുള്ളതെന്ന് മോൻസൺ പോലീസിന് മൊഴി നൽകി. പുരാവസ്തു ഇടപാടിന്റെ പേരിൽ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തി അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
പരാതിക്കാർക്ക് 10 കോടി രൂപ കൊടുക്കാനുണ്ടെന്നത് കള്ളമാണെന്നും അഞ്ച് പരാതിക്കാർക്കുമായി നൽകാനുള്ളത് 4 കോടി മാത്രമാണെന്നും മോൻസൺ പറഞ്ഞു. 4 കോടി വാങ്ങിയതിന് കരാറുണ്ട്. ഇതിൽ 75 ലക്ഷം രൂപ സഹായി ഷിബുവിന്റെ അക്കൗണ്ട് വഴിയാണ് വാങ്ങിയത്. ബാക്കി പണമായി നേരിട്ട് വാങ്ങിയെന്നും മോൻസൺ വ്യക്തമാക്കി.
അതേസമയം മോൻസന്റെ പേരിലുള്ള അക്കൗണ്ടുകളിൽ ഇനിയുള്ളത് ഒന്നര ലക്ഷം രൂപ മാത്രമാണ്. ഈ അക്കൗണ്ടുകളിലെ വിശദാംശങ്ങൾ തേടി ക്രൈംബ്രാഞ്ച് ബാങ്കുകൾക്ക് കത്തയച്ചിട്ടുണ്ട്. മോൻസന്റെ സഹായികളുടെയും ജീവനക്കാരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
ഇന്നലെ മൂന്നു മണിക്കൂറാണ് മോൻസണെ ചോദ്യം ചെയ്തത്. രക്തസമ്മർദ്ദം കൂടിയതിനാൽ ചോദ്യം ചെയ്യൽ ഒമ്പത് മണിയോടെ നിർത്തിവയ്ക്കുകയായിരുന്നു. മോൻസൺ മാവുങ്കലിനെ മൂന്നു ദിവസത്തേക്കാണ് കോടതി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. മോൺസനെതിരെ പരാതി നൽകിയവരോട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്താൻ അറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post