കൊച്ചി: തട്ടിപ്പു വീരന് മോന്സണ് മാവുങ്കല്‍ പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ‘ടിപ്പുസുല്‍ത്താന്റെ സിംഹാസനം’ എന്ന പേരില്‍ മുന്‍ പൊലീസ് മേധാവിയെയടക്കം മോന്സന് പറഞ്ഞു പറ്റിച്ചിരുത്തിയ സിംഹാസനം നിര്‍മ്മിച്ചത് കൊല്ലം സ്വദേശിയായ ആശാരിയാണെന്ന് വിവരം.
മോന്‍സണുമായി അടുത്ത ബന്ധമുള്ളവരാണ് ഇക്കാര്യം മാധ്യമങ്ങളോട് തുറന്നുപറഞ്ഞത്. ടിപ്പുസുല്‍ത്താന്റെ സിംഹാസനമാണെന്ന് പറഞ്ഞ് മോന്സന് രംഗത്തെത്തിയതോടെ ആശാരിയും ഞെട്ടിയെന്നും എങ്കിലും ഇക്കാര്യം ആരോടും പറഞ്ഞില്ലെന്നും ഇവര്‍ പറയുന്നു.
മോന്‍സണിന്റെ ‘പുരാവസ്തു’ക്കളില്‍ 90 ശതമാനവും വ്യാജമാണ്. ഭൂരിഭാഗവും കോയമ്പത്തൂരിലുള്ള ഡോക്ടറുടേത്. വിറ്റ് നല്‍കാമെന്ന് ഡോക്ടറെ പറഞ്ഞു വിശ്വസിപ്പിച്ച് കലൂരിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. സുകുമാരനെന്ന ഇടനിലക്കാരനാണ് ഇതിന് സഹായിച്ചത്. ഇക്കാര്യം സുകുമാരന്‍ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു.
മോന്സന് മാവുങ്കല്‍ വാ തുറക്കുന്നത് കള്ളം പറയാന്‍ വേണ്ടി മാത്രമാണെന്ന് മുന്‍ ഡ്രൈവറായിരുന്ന അജിത്ത് പറഞ്ഞിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പലതവണ മോന്‍സന്റെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നും അജിത്ത് വെളിപ്പെടുത്തി. സുധാകരനെ പോലുള്ള ആളുകള്‍ മോന്‍സന്റെ ആര്‍ഭാടവും മറ്റും കണ്ട് പറ്റിക്കപ്പെട്ടതായിരിക്കുമെന്നും അജിത് പറഞ്ഞു.
Discussion about this post