തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പെട്രോള്‍ വിലയില്‍ കുതിപ്പുണ്ടായിരിക്കുന്നത്. നേരത്തെ, പെട്രോള്‍ വില 100 കടന്നിരുന്നു. എന്നാല്‍ സെഞ്ച്വറിയിലേയ്ക്ക് അടുക്കുകയാണ് ഡീസല്‍ വില. ഇന്നും വര്‍ധിപ്പിച്ചു. ഇന്ന് പെട്രോളിന് 22 പൈസയാണ് കൂട്ടിയത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്.
ഡീസലിന് 26 പൈസയുടെ വര്‍ധനയാണ് വരുത്തിയത്. കൊച്ചിയില്‍ ഇന്നത്തെ ഡീസല്‍ വില 94 രൂപ 58 പൈസയാണ്. പെട്രോള്‍ 101 രൂപ 70 പൈസ. തിരുവനന്തപുരത്ത് പെട്രോള്‍ വില 103. 70 രൂപയും ഡീസലിന് 96.48 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 101.92 രൂപയും ഡീസല്‍ 94.82 രൂപയുമാണ്. ഡീസലിന് കഴിഞ്ഞ ദിവസവും 26 പൈസ കൂട്ടിയിരുന്നു.
കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വര്‍ധനവ് ആരംഭിച്ചിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വില വര്‍ധനവ് ഉണ്ടായിരുന്നില്ലെങ്കിലും അടുത്തിടെ അന്താരാഷ്ട്ര വിലയിലെ ചാഞ്ചാട്ടങ്ങള്‍ ഉണ്ടായതോടെയാണ് ഇന്ധനവിലയിലും വര്‍ധനവുണ്ടായിരിക്കുന്നത്.