തിരുവനന്തപുരം: യൂട്യൂബറും പുരാവസ്തുക്കളെന്ന പേരിൽ വ്യാജവസ്തുക്കൾ വിറ്റഴിക്കുകയും ചെയ്തിരുന്ന മോൻസൺ മാവുങ്കലിനെ കുരുക്കിയത് ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹറയും എഡിജിപി ആയിരുന്ന മനോജ് എബ്രഹാമും മോൻസണിന്റെ വീട്ടിൽ സന്ദർശനം നടത്തിയതോടെ. ഇരുവരുടേയും സന്ദർശനത്തിന് ശേഷമാണ് തട്ടിപ്പുക്കാരനാണെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ട് തയ്യാറാക്കിയത്. 2020ൽ തന്നെ കേരള പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഇയാളുടെ തട്ടിപ്പുകളെ കുറിച്ച് സൂചന നൽകിയിരുന്നു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവി എൻഫോഴ്‌സമെന്റിനോട് അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതിയതും പുറത്തുവന്നിട്ടുണ്ട്. എന്നാൽ സംസ്ഥാന പോലീസോ ഇഡിയോ ഇത് സംബന്ധിച്ച് ഏതെങ്കിലും അന്വേഷണം നടത്തിയതായി വ്യക്തതയില്ല.
ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റയും എഡിജിപി ആയിരുന്ന മനോജ് എബ്രഹാമും മോൻസണിന്റെ വീട്ടിൽ സന്ദർശനം നടത്തിയതിന് ശേഷമാണ് മനോജ് എബ്രഹാം ഒരു രഹസ്യാന്വേഷണം നടത്താൻ സ്‌പെഷ്യൽ ബ്രാഞ്ചിനെ ഏൽപ്പിച്ചത്. ഈ അന്വേഷണ റിപ്പോർട്ടാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. മോൻസണിന്റെ ഇടപാടുകളിൽ വലിയ ദുരൂഹതയുണ്ട്.
ഉന്നതരായ ഒട്ടേറെ പേരുമായി ഇയാൾ ബന്ധംപുലർത്തുന്നു. പുരാവസ്തുക്കളാണ് ഇയാളുടെ പ്രധാന ബിസിനസ്. ഇതിന്റെ വിൽപനക്കും കൈമാറ്റത്തിനും മറ്റും കൃത്യമായ ലൈസൻസ് ഉണ്ടോ എന്നത് സംശയമാണെന്നും രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വിദേശത്തടക്കം ഇയാൾക്ക് സാമ്പത്തിക ഇടപാടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
Discussion about this post