രണ്ടാം നിലയിൽ പൈപ്പ് ഫിറ്റ് ചെയ്യുന്നതിനിടെ തലകറക്കം; വീണത് 25 അടി താഴ്ചയിലേക്ക്; അതുലിന്റെയും സാരംഗിന്റെയും മനസാന്നിധ്യം തുണച്ചതോടെ ശരത്തിന് പുതുജീവൻ

കണ്ണൂർ: തലകറങ്ങി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും താഴേക്ക് പതിച്ച യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി യുവാക്കളുടെ കരുതൽ. വീടിന്റെ മുകളിൽ നിന്ന് 25 അടി താഴ്ചയിലേക്കു വീണ വെൽഡിങ് തൊഴിലാളി തോട്ടട കുന്നത്ത് ഹൗസിൽ ശരത്തിനെ(26)യാണു രണ്ടുപേർ ചേർന്ന് താങ്ങിയെടുത്ത് രക്ഷപ്പെടുത്തിയത്.

പിണറായി അമരിയിൽ പറമ്പത്ത് സാരംഗും (28) പാണ്ട്യാല പറമ്പ് വീട്ടിൽ പിപി അതുലും(24) ആണ് ശരത്തിനെ നിലത്തു വീഴാതെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണു സംഭവം.


പിണറായി പെട്രോൾ പമ്പിനു സമീപത്തെ ഇരുനില വീടിന്റെ രണ്ടാം നിലയിൽ പൈപ്പ് ഫിറ്റ് ചെയ്യുന്നതിനിടെ തലകറക്കം അനുഭവപ്പെട്ട ശരത് താഴേയ്ക്ക് പതിക്കുകയായിരുന്നു. കൂടെ ജോലി ചെയ്തിരുന്ന സുമോജ് ഒച്ച വെച്ചതിനെത്തുടർന്നു വീടിന്റെ മുറ്റത്തു നിൽക്കുകയായിരുന്ന യുവാക്കൾ 25 അടി ഉയരത്തിൽ നിന്ന് താഴേയ്ക്കു പതിക്കുകയായിരുന്ന യുവാവിനെ കയ്യിൽ താങ്ങിയെടുത്തു. നിസാര പരുക്കേറ്റ ശരത്തിന് ആശുപത്രിയിൽ ചികിത്സ നൽകി.

Exit mobile version