പത്തനംത്തിട്ട: തങ്ങള്‍ വിശ്വാസികളാണ് അതുകൊണ്ട് വിശ്വാസി സമൂഹം തങ്ങളെ തടയില്ലെന്ന് പ്രതീക്ഷിക്കുന്നു. ഏതായാലും അയ്യപ്പനെ കണ്ടേ ചെന്നൈയിലേക്ക് മടങ്ങൂ എന്നാണ് സ്ത്രീസംഘടനയായ മനീതിയുടെ കോര്‍ഡിനേറ്റര്‍ സെല്‍വി പറയുന്നത്. മാത്രമല്ല തങ്ങള്‍ക്ക് വിശ്വാസികളുടെയും ആദിവാസികളുടെയും ദളിതരുടെയും പിന്തുണയുണ്ടെന്നും അവര്‍ പറഞ്ഞു.
പല സംഘങ്ങായെത്തുന്ന സ്ത്രീകള്‍ കേരളത്തില്‍ ഒരുമിച്ച് പമ്പയിലെത്തും തുടര്‍ന്ന് മല കയറും. തമിഴ്നാട്ടിലെ സ്ത്രീ ശാക്തീകരണ സംഘടനയായ മനീതിയുടെ നേതൃത്വത്തില്‍ ശബരിമല ദര്‍ശനത്തിനായുളള വനിതകളുടെ സംഘം ഇന്ന് കേരളത്തിലേക്ക് യാത്രതിരിക്കും. നാളെ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഉദ്ദേശിച്ചാണ് അവരെത്തുന്നത്. ഇവര്‍ നേരത്തെ തന്നെ പോലീസിന് അറിയിച്ചാണ് വരുന്നത്. ഇതു സംബന്ധിച്ച് പോലീസ് പരിസരത്ത് സുരക്ഷ കര്‍ശനമാക്കി. നേരത്തെ ഇവര്‍ സര്‍ക്കാരിന് മെയില്‍ അയക്കുകയും അനുകൂല മറുപടി ലഭിച്ചുവെന്നും സെല്‍വി പറഞ്ഞു.
ചെന്നൈയില്‍നിന്ന് 12 വനിതകളും മധുരയില്‍നിന്ന് രണ്ടുപേരും മധ്യപ്രദേശില്‍നിന്നും ഒഡിഷയില്‍നിന്നും അഞ്ചുപേര്‍ വീതവും കേരളത്തില്‍നിന്ന് 25 പേരും സംഘത്തിലുണ്ടാകുമെന്നാണ് സൂചന. ട്രാന്‍സ്‌ജെന്‍ഡറുകളും സംഘത്തിലുണ്ടെന്നാണ് വിവരം. എന്നാല്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞതിനപ്പുറം ഇവരുടെ വരവിനെക്കുറിച്ച് ഒരു സന്ദേശവും കിട്ടിയിട്ടില്ലെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി എസ് ഹരിശങ്കര്‍ പറഞ്ഞു.
അതേസമയം യുവതികളെത്തിയാല്‍ തടയാന്‍ തന്നെയാണ് വിവിധ ഹിന്ദുസംഘടനകളുടെ തീരുമാനം. യുവതികള്‍ കോട്ടയത്തെത്തിയാല്‍ തടയുമെന്ന് ശബരിമല കര്‍മസമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ ബി ശശികുമാര്‍ പറഞ്ഞു.
Discussion about this post