നിലമ്പൂർ: സ്ഥിരമായി ഓൺലൈനിൽ അശ്ലീലദൃശ്യങ്ങൾ കാണുന്നവരെ പിടികൂടുന്നതിനായി സൈബർ സെല്ലിന്റെ സ്പെഷ്യൽ ടീം. ഓപ്പറേഷൻ പി ഹണ്ട് എന്നാണ് സൈബർ സെല്ലിന്റെ സ്പെഷ്യൽ ടീമിന് പേരിട്ടിരിക്കുന്നത്.
ഓപ്പറേഷൻ പി ഹണ്ടിന്റെ പരിശോധനയിൽ വഴിക്കടവ് വെള്ളക്കട്ടയിലെ ചീനിക്കൽ അബ്ദുൽ വദൂദിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ മുതൽ പൊലീസ് നടത്തിയ തിരച്ചിലിൽ മൊബൈൽ ഫോൺ വഴി അശ്ലീല വെബ്സൈറ്റിൽ ദൃശ്യങ്ങൾ പതിവായി കണ്ടതായും ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചതായും കണ്ടെത്തി.
നിരോധിച്ചിരിക്കുന്ന ദൃശ്യങ്ങൾ പതിവായി കാണുന്നവരെയും ഡൗൺലോഡ് ചെയ്യുന്നവരെയും സൈബർ സെൽ വഴി നിരീക്ഷിച്ചശേഷമാണ് റെയ്ഡ് നടത്തിയത്. ഡൗൺലോഡ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.ഏറെ നാളുകളായി സൈബർ സെൽ ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു. പിടിച്ചെടുത്ത മൊബൈൽഫോൺ കൂടുതൽ പരിശോധനകൾക്കായി ഫൊറൻസിക് വിഭാഗത്തിനു കൈമാറി.
വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ പി.അബ്ദുൾ ബഷീറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ തോമസ്കുട്ടി ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഇ.എൻ സുധീർ സിവിൽ പൊലീസ് ഓഫീസർ കെ. പിബിജു, എസ്.പ്രശാന്ത് കുമാർ,സരിത സത്യൻ എന്നിവരാണ് സൈബർ സെല്ലിന്റെ പി ഹണ്ട് സംഘാംഗങ്ങൾ.
Discussion about this post