കൊച്ചി: ആക്ടിവിസ്റ്റും കോളേജ് അധ്യാപികയുമായ ബിന്ദു അമ്മിണിയെ അപമാനിച്ച ബസ് ഡ്രൈവര്‍ക്കും ജീവനക്കാര്‍ക്കും സ്വീകരണം നല്‍കി ഹിന്ദു സേവാ കേന്ദ്രം. കാവിപ്പട ചെറുവണ്ണൂര്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് സ്വീകരണം നല്‍കിയതിന്റെ ചിത്രങ്ങളും മറ്റും പങ്കിട്ടത. ‘ബിന്ദു അമ്മിണിയെ ബസ്സില്‍ നിന്ന് ഇറക്കിവിട്ട ഡ്രൈവര്‍ക്കും ‘കണ്ടക്ടര്‍ക്കും കൊയിലാണ്ടി ഹിന്ദു സേവാകേന്ദ്രത്തിന്റെ അഭിനന്ദനം’ എന്ന തലക്കെട്ടോടെയാണ് സ്വീകരണ പരിപാടി സംബന്ധിച്ച ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
പ്രചരണത്തില്‍ മറുപടിയുമായി ബിന്ദു അമ്മിണി തന്നെ രംഗത്തെത്തി. ‘പാവം ഹിന്ദു സേവാ കേന്ദ്രം . അവരെ എന്നെ ഇറക്കി വിടുക അല്ല. ഇറങ്ങാന്‍ അനുവദിക്കാതെ ഇരിക്കുകയാണ് ചെയ്തത്. പിന്നെ ഇന്നും ഞാന്‍ ഈ ബസ്സിന് തന്നെയാണ് രാത്രി 8 മണിയോടെ കൊയിലാണ്ടിയില്‍ നിന്നും കയറി പൊയില്‍ക്കാവില്‍ ഇറങ്ങിയത്. ഒരു പൊന്നാടാ വെയിസ്റ്റായല്ലോ. ഡ്രൈവറുടെയും മറ്റും പൊളിറ്റിക്‌സ് എല്ലാവര്‍ക്കും മനസ്സിലായിക്കാണുമല്ലോ’ എന്ന് ബിന്ദു അമ്മിണി പറഞ്ഞു.
നേരത്തെ, ബിന്ദുവിന്റെ പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഐ.പി.സി 509 പ്രകാരം സ്ത്രീയെ വാക്കുകളിലൂടെ അപമാനിച്ചതിനാണ് നടക്കാവ് പോലീസ് കേസെടുത്തിരിക്കുന്നത്. കണ്ണൂര്‍-കോഴിക്കോട് റൂട്ടിലെ സയ്ന്‍ ബസിലെ ഡ്രൈവര്‍ക്കെതിരെയാണ് കേസ്. ശബരിമലയില്‍ പോയതുമായി ബന്ധപ്പെട്ട പരാമര്‍ശവും പിന്നാലെ അസഭ്യവും പറഞ്ഞെന്നുമാണ് ബിന്ദു അമ്മിണിയുടെ പരാതി.
Discussion about this post