സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വന്നു; ഹോട്ടലുകളില്‍ ഇനി ഇരുന്നു കഴിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനും അനുമതി നല്‍കി. ഹോട്ടലുകള്‍ ഇന്നലെ രാത്രി തന്നെ ആളുകളെ പ്രവേശിപ്പിച്ചു.

അന്‍പത് ശതമാനം സീറ്റിലാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍, രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി നല്‍കുക. നീന്തല്‍ക്കുളങ്ങള്‍ക്കും ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ചയോടെ തിയേറ്ററുകള്‍ തുറക്കുന്നതിലും തീരുമാനമുണ്ടായേക്കും.

തിയേറ്ററിന്റെ പ്രശ്‌നം പ്രത്യേകമായി പരിഗണിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ആദ്യഡോസ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം 91 ശതമാനം കടന്നതും രോഗവ്യാപനം കുറഞ്ഞതുമാണ് കൂടുതല്‍ ഇളവുകള്‍ക്ക് അനുമതി നല്‍കാന്‍ കാരണം. ഒരു ഹോട്ടലിലെ ആകെ സീറ്റുകളുടെ പകുതി മാത്രമേ പ്രവേശനം അനുവദിക്കൂ. സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. ബാറുകളിലും സമാനമായ രീതീയിലായിരിക്കും ക്രമീകരണം.

Exit mobile version