തൃശൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ പരോക്ഷമായി വിമര്‍ശിച്ച് നടന് സന്തോഷ്. ഹിന്ദുക്കള്‍ പരിപാവനമായി കരുതുന്ന ഇരുമുടിക്കെട്ട് നമ്മുടെ ഒരു നേതാവ് വലിച്ചെറിഞ്ഞുവെന്നും അതിന് ഭഗവാന് അറിഞ്ഞുകൊടുത്ത ശിക്ഷയാണ് ഇപ്പോള്‍ കാണുന്നതെന്നും സന്തോഷ് പറഞ്ഞു.
തൃശൂര്‍ പാട്ടുരായ്ക്കലില്‍ തുവ്വൂര്‍ രക്തസാക്ഷി അനുസ്മരണത്തിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഹിന്ദു ധര്‍മ ജനജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല വിവാദ കാലത്ത് ഹിന്ദുവിനെ ഉദ്ധരിക്കാന്‍ കുറേ നേതാക്കളെത്തി. നമ്മുടെ ഒരു നേതാവ് പാവനമായ ഇരുമുടിക്കെട്ട് എടുത്തെറിഞ്ഞുവെന്ന് കെ സുരേന്ദ്രന്റെ പേര് പറയാതെ സന്തോഷ് തുറന്നടിച്ചു. ഹിന്ദുവിന്റെ അവസ്ഥയ്ക്ക് കാരണം ഹിന്ദുക്കള്‍ തന്നെയാണ്. ഓരോരുത്തര്‍ക്കും കൊടുക്കേണ്ട ശിക്ഷ ഭഗവാന് തന്നെയാണ് കൊടുത്തത്. ഓരോരുത്തരും അനുഭവിക്കുന്നത് നമ്മള് കാണുന്നുണ്ട്.
ഹിന്ദു സംഘടനകളുടെ തലപ്പത്തെത്തുന്നവര്‍ ലീഡര്‍ ആവുന്നതിന് പകരം ഓരോ ദിവസവും ദൈവങ്ങളായി മാറുകയാണ്. കോടാനുകോടി ദൈവങ്ങളുള്ള ഹിന്ദുവിന് ആള്‍ദൈവങ്ങളെ ആവശ്യമില്ലെന്നും സന്തോഷ് പറഞ്ഞു.
ശബരിമല വിവാദ കാലത്ത് സംഘ്പരിവാര്‍ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന സന്തോഷ് പിന്നീട് ബിജെപിയിലെ ഗ്രൂപ്പിസത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി നേതൃത്വത്തിനോട് അകലത്തിലായിരുന്നു.
Discussion about this post