കോഴിക്കോട്: 21ാം വയസ്സില്‍ സിപിഎമ്മിന്റെ പ്രായം കുറഞ്ഞ ബ്രാഞ്ച് സെക്രട്ടറിയായി
ജസീമ ദസ്തക്കീര്‍. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും നേതൃസ്ഥാനങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎം
എന്ന് ജസീമ പറഞ്ഞു.
കൊല്ലം ജില്ലയിലെ ചാത്തന്നൂരിലാണ് ജസീമ ദസ്തക്കീര്‍ എന്ന ഇരുപത്തിയൊന്നുകാരിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാക്കിയത്. ചാത്തന്നൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള വയലിക്കട ബ്രാഞ്ച് സമ്മേളനമാണ് ജസീമയെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
സ്ത്രീകള്‍ വിവിധ പദവികളിലേക്ക് എത്തേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും പാര്‍ട്ടിക്ക് കൃത്യമായി ബോധ്യം ഉണ്ടെന്നും ഇടതുപക്ഷത്തിന് മാത്രമാണ് ഇത്രയും ധൈര്യത്തോടെ ഇത്തരം നിലപാടുകള്‍ പിന്തുടരാന് കഴിയുകയുള്ളൂവെന്നും ജസീമ പ്രതികരിച്ചു.
പെണ്ണിനെന്ത് ചെയ്യാന്‍ പറ്റുമെന്ന് ചോദിക്കുന്നവര്‍ക്ക് പെണ്ണിനെന്താണ് ചെയ്യാന്‍ പറ്റാത്തത് എന്ന് തെളിയിച്ചുകൊടുക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത്, മഹാമാരിയുടെ കാലത്ത് ആരോഗ്യ കേരളത്തെ നയിച്ച ശൈലജ ടീച്ചറുടെ നാടാണിതെന്നും വിദ്യാര്‍ത്ഥിനി കൂടിയായ ജസീമ കൂട്ടിചേര്‍ത്തു.
പുതിയ ചുമതലയില്‍ ധൈര്യം പകരുന്നത് കൂടെയുള്ള സഖാക്കളാണെന്നും ജസീമ ആത്മവിശ്വാസത്തോടെ പറഞ്ഞു. താന്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരുപാട് മുതിര്‍ന്ന സഖാക്കള്‍ കൂടെയുണ്ട്. അത് തന്നെയാണ് ധൈര്യം എന്നാണ് ദസീമയുടെ വാക്കുകള്‍.
ബാലസംഘത്തിലൂടെ പൊതുപ്രവര്‍ത്തനത്തിലേക്ക് വന്ന ജസീമ ദസ്തക്കീര്‍, പിന്നീട് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ എസ്എഫ്ഐ ചാത്തന്നൂര്‍ ജോയിന്റ് സെക്രട്ടറിയും മാതൃകം ജില്ലാ കമ്മിറ്റി അംഗവും, ഡിവൈഎഫ്ഐ മേഖലാ ജോയിന്റ് സെക്രട്ടറിയുമാണ് ജസീന. പിതാവ് ദസ്തക്കീര്‍ സിപിഎം ചാത്തന്നൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമാണ്.
ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സിപിഎം നിരവധി പ്രായം കുറഞ്ഞ വനിതകളെ മത്സരരംഗത്ത് ഇറക്കിയിരുന്നു. പിന്നീട് നിര്‍ണായക പദവികളിലേക്കും യുവതികളെ സിപിഎം കൊണ്ടുവന്നു. തിരുവനന്തപുരം മേയറായി ബാലസംഘം സംസ്ഥാന പ്രസിഡന്റ് ആര്യ രാജേന്ദ്രന് തെരഞ്ഞെടുക്കപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു.
പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതാവ് ആയിരുന്ന രേഷ്മ മറിയം റോയിക്കും 21 വയസ് മാത്രമായിരുന്നു.
Discussion about this post