കൊല്ലം: സദാചാര ഗുണ്ടകള്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. പുനലൂരാണ് സംഭവം.വാടക വീട് കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വില്‍പ്പന ചോദ്യം ചെയ്തതിന് ഒരു സംഘം ആളുകള്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയി തല്ലിച്ചതച്ചു എന്നാണ് പരാതി.
ബിനീഷ് കുമാറെന്ന യുവാവിനെയാണ് ഗുണ്ടാസംഘം മര്‍ദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേര്‍ക്കെതിരെ കുന്നിക്കോട് പോലീസ് കേസെടുത്തു.ഡിസംബര്‍ പത്താം തീയതി രാത്രി ഒന്‍പത് മണിയോടെ കുറച്ച് പേര് ബിനീഷ് കുമാറിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടു പോയി.
വാടകവീട്ടില്‍ പതുങ്ങിയിരുന്ന യുവതിയും ഭര്‍ത്താവും ഗുണ്ടകളും വാതിലടച്ച് മുളകുപൊടി കണ്ണില്‍ വിതറിയ ശേഷം ബിനീഷിനെ ആക്രമിക്കുകയായിരുന്നു. ശേഷം യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പോലീസില്‍ ബിനീഷിനെതിരെ പരാതി നല്‍കുകയും ചെയ്തു.
കേസില്‍ ബിനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. വിശദമായി അന്വേഷണം നടത്താതെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തുവെന്ന ആരോപണവുമുണ്ട്. ബിനീഷിനെ ആക്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സത്യാവസ്ഥ ലോകം അറിയുന്നത്.
സബ് ജയിലില്‍ കഴിയുന്ന യുവാവിന്റെ ആന്തരിക അവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അടിയന്തിര ചികിത്സ വേണമെന്നും ബിനീഷിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
Discussion about this post