നാട് വളരുമ്പോൾ എല്ലാവരും കാളവണ്ടിയുഗത്തിലേക്ക് മടങ്ങിപ്പോകുന്ന കിണാശേരിയാണ് പ്രതിപക്ഷനേതാവ് കാണുന്ന സ്വപ്നം; പറവൂരിലെ റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ച് ശ്രദ്ധേയമായി കുറിപ്പ്

കൊച്ചി: കേരളം മുന്നോട്ട് കുതിക്കുമ്പോൾ വികസനത്തിന് ഇന്ധനം പകരുന്ന പാതകളും വളരേണ്ടതുണ്ട്. എന്നാൽ പഞ്ചായത്ത് റോഡിന്റെ വീതിയിൽ ദേശീയപാത നിലനിൽക്കുന്ന പറവൂരിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാണിക്കുകയാണ് സിഎൻ മിലാഷ്. പ്രതിപക്ഷ നേതാവിന്റെ സ്വന്തം മണ്ഡലത്തിലെ മൂത്തകുന്നം മുതൽ കൂനമ്മാവ് വരെയുള്ള റോഡിന്റെ അവസ്ഥ കേരളത്തിലെ മറ്റേത് റോഡിനേക്കാളും ദാരുണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാനത്തെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിലേക്കുള്ള പ്രവേശനകവാടങ്ങളിലൊന്നാണ് കൊടുങ്ങല്ലൂർ -പറവൂർ-വരാപ്പുഴ റൂട്ടിന്റെ വികസനത്തിനായി വിഡി സതീശൻ എംഎൽഎ കാര്യമായ ശ്രദ്ധ നൽകാത്തതിനെ വിമർശിക്കുന്നതാണ് മിലാഷിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഈ നയത്തിന്റെ ആവർത്തനമായാണ് സെമി ഹൈ സ്പീഡ് റെയിൽ പദ്ധതിയോടുള്ള യുഡിഎഫ് നിലപാടിനെ കാണേണ്ടത്. യുഡിഎഫിന്റെ വികസനത്തോടുള്ള നിലപാടാണ് ഈ അവഗണന കാണിക്കുന്നതെന്നും അദ്ദേഹം വിമർശിക്കുന്നു.

സിഎൻ മിലാഷിന്റെ ഫേസ്ബുക്ക് കുറിപ്പ്:

നമ്മുടെ സംസ്ഥാനത്തെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിലേക്കുള്ള പ്രവേശനകവാടങ്ങളിലൊന്നാണ് കൊടുങ്ങല്ലൂർ പറവൂർ വരാപ്പുഴ റൂട്ട്. പൻവേൽ കന്യാകുമാരി ദേശിയപാതയുടെ ഭാഗമാണ് ഈ റോഡ്. ഈ ഭാഗത്ത് കൂടി യാത്ര ചെയ്തവർക്ക് ആ റോഡിനെ ഓർത്ത് തലയിൽ കൈവെക്കാതെ പോകാൻ കഴിയില്ല. പ്രത്യേകിച്ച് മൂത്തകുന്നം മുതൽ കൂനമ്മാവ് വരെയുള്ള ഭാഗം. കേരളത്തിൽ പഞ്ചായത്ത് റോഡുകളുടെ വീതിയിൽ ദേശീയപാത നിലവിലുള്ള ഏകസ്ഥലം ഇവിടെയാകും. വല്ലാർപ്പാടം കണ്ടെയ്‌നർ ടെർമിനലിലേക്കുള്ള കണ്ടെയ്‌നർ റോഡിലേക്ക് എത്തുന്ന റോഡിലാണ് ഈ ഗതികേട് വർഷങ്ങളായി യാത്രികർ അനുഭവിക്കുന്നത്. ദേശീയപാതയിലെ സ്ഥിരം അപകടമേഖലയാണ് ഈ ഭാഗം. കൊച്ചി എന്ന മഹാനഗരത്തിന്റെ കവാടമായ ഒരു പ്രദേശത്തെ റോഡ് വികസനം സമയബന്ധിതമായി നടക്കാത്തതിനാൽ മാത്രം എത്ര ജീവനുകളാകും റോഡിൽ പൊലിഞ്ഞിട്ടുണ്ടാകുക. എത്ര സമയമാകും റോഡിൽ പാഴായിട്ടുണ്ടാകുക.
തൊട്ടു ചേർന്ന് കിടക്കുന്ന കൊടുങ്ങല്ലൂരിൽ നാലുവരി ബൈപാസ് വന്നിട്ട് അഞ്ച് വർഷത്തോളമായി. പറവൂരിൽ അങ്ങനൊരു ചിന്ത പോലും കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഉണ്ടായിട്ടുണ്ടാകില്ല. രണ്ട് വാഹനങ്ങൾ എതിരെ വന്നാൽ പോകാൻ കഴിയാത്ത ഒരു പാലം പോലും അടുത്ത കാലം വരെ ദേശീയപാതയിൽ അവിടെ ഉണ്ടായിരുന്നു. ഭാഗ്യത്തിന് ഒന്നോ രണ്ടോ വർഷം മുന്നെ അത് വീതി കൂട്ടി കഷ്ടിച്ച് രണ്ട് വാഹനങ്ങൾക്ക് പോകാവുന്ന നിലയിലാക്കിയിട്ടുണ്ട്.
ദേശീയപാത 66നെ ആറുവരിപ്പാതയാക്കുന്നതിന് സംസ്ഥാനത്തെ ബാക്കി എല്ലാ ജില്ലകളിലും സ്ഥലം ഏറ്റെടുക്കൽ ഏകദേശം പൂർത്തിയായിട്ടുണ്ട്. സർവേ തടസപ്പെടുത്താൻ മൂദൂഡാപ്പികൾ സമരവുമായി ഇറങ്ങിയ മലപ്പുറത്ത് പോലും ദേശീയപാത വികസനത്തിന് ടെൻഡർ പൂർത്തിയാക്കി നിർമ്മാണപ്രവൃത്തികൾ അടുത്ത മാസത്തോടെ തുടങ്ങുകയാണ്. എന്നാൽ, മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെയുള്ള റീച്ചിൽ ഇപ്പോഴും സ്ഥലമേറ്റെടുക്കൽ ഇഴയുകയാണ്. അതായത്, ആദ്യം വികസിപ്പിക്കേണ്ടിയിരുന്ന ഭാഗമാണ് ഒന്നുമാകാതെ കിടക്കുന്നത്.
ഈ ഭാഗം ഉൾപ്പെടുന്ന പറവൂർ മണ്ഡലത്തിലെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായുള്ള നിയമസഭാ സാമാജികൻ ആരാണെന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ. ആദരണീയനായ പ്രതിപക്ഷനേതാവിന്റെ മണ്ഡലമാണ്. എന്താണ് അദ്ദേഹത്തിന്റെ വികസനനയമെന്ന് മനസിലാക്കാൻ വേറെ വസ്തുതകളുടെ ആവശ്യമില്ല.
ഈ നയത്തിന്റെ ആവർത്തനമായാണ് സെമി ഹൈ സ്പീഡ് റെയിൽ പദ്ധതിയോടുള്ള യുഡിഎഫ് നിലപാടിനെ കാണേണ്ടത്. കേരളത്തിൽ ഹൈ സ്പീഡ് റെയിൽ എന്ന ആശയം ആദ്യം പ്രഖ്യാപിച്ചത് 2009ലെ ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബഡ്ജറ്റിലാണ്. വിഎസ് സർക്കാർ 2010ൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ രൂപീകരിച്ചു. 2011ൽ ഭരണമാറ്റം നടന്നെങ്കിലും ഉമ്മൻ ചാണ്ടി സർക്കാർ തുടക്കത്തിൽ ഈ പദ്ധതിയുമായി മുന്നോട്ടുപോയി. ഡിപിആർ തയ്യാറാക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തി. എന്നാൽ, പിന്നീട് ഇതിലെ ഉയർന്ന ചെലവ് കാരണമാകാം ഈ പദ്ധതിയിൽ വലിയ താൽപര്യം കാണിക്കാതെ പിന്മാറി. ആ കാലത്ത് സ്ഥലം ഏറ്റെടുത്ത് നടപ്പാക്കേണ്ടിയിരുന്ന എല്ലാ പദ്ധതികളെയും പോലെ ഇതും കോൾഡ് സ്റ്റോറേജിലേക്ക് തള്ളി.
ഒന്നാം പിണറായി സർക്കാർ ചുമതല ഏറ്റതിന് ശേഷം ഈ പദ്ധതിയിൽ ചില ഭേദഗതികൾ വരുത്തി നടപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു. ഉയർന്ന ചെലവ് ലഘൂകരിക്കുന്ന നിലയിൽ പദ്ധതി പുനരാവിഷ്‌ക്കരിച്ചു. പുതുക്കിയ ഡിപിആർ അംഗീകരിച്ചു. സംയുക്ത സംരംഭമായി സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ കേരളവും റെയിൽവേയും 2017ലാണ് ധാരണയായത്. പാരിസിലെ സിസ്ട്ര ജിസിയുടെ നേതൃത്വത്തിൽ ലിഡാർ സർവേ പൂർത്തിയാക്കി. പരിസ്ഥിതി ആഘാത പഠനം, മണ്ണുപരിശോധന, ഗതാഗത സർവേ എന്നിവയുടെ അടിസ്ഥാനത്തിൽ ഡിപിആർ തയാറാക്കി. ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പിന് തസ്തികകൾ സൃഷ്ടിച്ച് ഓഫീസുകൾ തുറന്നു. അതിനായി 2400 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചു.
അതിവേഗം വികസനത്തിലേക്ക് കുതിക്കുന്ന, നോളജ് എക്കണോമിയാകാൻ ശ്രമിക്കുന്ന കേരളത്തിന്റെ തിലകക്കുറിയാകാൻ പോകുന്ന പദ്ധതിയാണ് സിൽവർ ലൈൻ. അത് അപ്രായോഗികമാണെന്നും കേരളത്തെ കീറിമുറിക്കും എന്നുമൊക്കെ പറയുന്നതിലെ ചേതോവികാരം മനസിലാകണമെങ്കിൽ പറവൂരിലെ ദേശീയപാത ഓർത്താൽ മതി. വീതി കൂടിയ റോഡുകൾ വന്നാൽ തന്റെ പറവൂരിനെ രണ്ടായി കീറിമുറിക്കപ്പെടുമെന്ന് കരുതിയാകും സതീശൻജി ദേശീയപാതയെ ഇവ്വിധം നിലനിർത്തിയിട്ടുള്ളത്. ജനങ്ങൾ ഒറ്റയടിപ്പാതയിലൂടെ ഒച്ചിനെ പോലെ സഞ്ചരിച്ച് മുരടിക്കുന്നതാണ് ഇവർക്ക് പ്രായോഗികമായ കാര്യം. എല്ലാവരും കാളവണ്ടിയുഗത്തിലേക്ക് മടങ്ങിപ്പോകുന്ന കിണാശേരിയാണ് പ്രതിപക്ഷനേതാവ് കാണുന്ന സ്വപ്നം.
നാട് വളരുകയാണ്. വേഗത്തിൽ ദൂരങ്ങൾ പിന്നിട്ട് വേണം വളരുന്ന ലോകത്തെ കൈപ്പിടിയിലൊതുക്കാൻ. കേരളത്തിലേക്ക് നിക്ഷേപങ്ങൾ ആകർഷിക്കാൻ ഗതാഗത സംവിധാനങ്ങൾക്ക് ഒച്ചിന്റെ വേഗത പോരാ. ജീവിതങ്ങൾക്ക് വേഗത കൈവരണം. അതിന് വേണ്ട പദ്ധതികൾ ദ്രുതഗതിയിൽ നടപ്പാക്കുന്നതിനാണ് നാം ശ്രദ്ധ നൽകേണ്ടത്. സ്വന്തം മണ്ഡലത്തിൽ പഞ്ചായത്ത് റോഡുകളെ ദേശീയപാതയായി കൊണ്ടുനടക്കുന്നവരുടെ ജൽപ്പനങ്ങൾ തള്ളിക്കളയണം.

Exit mobile version