കോഴിക്കോട്: കിലോയ്ക്ക് എണ്ണൂറും ആയിരവുമുണ്ടായിരുന്ന അയക്കൂറക്കും ആവോലിക്കുമുള്‍പ്പെടെ മീനുകള്‍ക്ക് റെക്കോഡ് വിലത്തകര്‍ച്ച. മീനുകള്‍ 200 -250 രൂപക്കാണ് വില്‍പന.
രണ്ട് കിലോ വരെ തൂക്കമുള്ള അയക്കൂറക്ക് കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഇന്നലെ 250 രൂപയാണ് വില. അതില്‍ തൂക്കം കുറഞ്ഞത് 150 രൂപയ്ക്കും ലഭിക്കും. കുട്ടിഅയക്കൂറക്ക് നൂറില്‍ താഴെയാണ് വില. ആവോലി 400 ഗ്രാം വരെയുള്ളതിന് കിലോ വില 250. കുഞ്ഞനാവോലി 150 രൂപയാണ് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വില. ചില്ലറ വില്‍പനക്കാര്‍ നൂറും നൂറ്റമ്പതും കൂട്ടിയാണ് വില്‍ക്കുന്നത്.
ഏറെ കാലത്തിനുശേഷമാണ് വില ഇത്ര താഴേക്ക് വരുന്നത്. മംഗലാപുരം, ഗോവ, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെല്ലാം ഒരുപോലെ ആവോലിയും അയക്കൂറയും കോഴിക്കോട് മാര്‍ക്കറ്റുകളില്‍ എത്തിയതിനൊപ്പം പുതിയാപ്പ, വെള്ളിയില്‍, ബേപ്പൂര്‍, ചാലിയം തുടങ്ങിയിടങ്ങളിലും മീന്‍ സുലഭമായി ലഭിച്ചതോടെ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഒരു മാസത്തോളം ഈ വിലക്കുറവ് തുടരാന്‍ സാധ്യതയുണ്ടെന്നാണ് മേഖലയിലുള്ളവര്‍ പറയുന്നത്.
അതേസമയം മത്തിക്കാണ് വില നിശ്ചിത നിലവാരത്തില്‍ തുടരുന്നത്. കിലോക്ക് 160 രൂപയാണ് മത്തിവില. അയലക്ക് കിലോ നൂറാണ് വില. പൂവാലന്‍ ചെമ്മീന് 160-180 രൂപയാണ് കിലോ വില. കൂന്തളിന് 100-120, കിളി മീന്‍ കോര വലുപ്പത്തിനനുസരിച്ച് 40-50-60 ആണ് മാര്‍ക്കറ്റ് വില. കോവിഡും ലോക്ഡൗണും കാലാവസ്ഥ വ്യതിയാനവും മൂലം കഴിഞ്ഞ വര്‍ഷം മീന്‍പിടിത്തം കുറഞ്ഞതാവാം കടലില്‍ മീന്‍ സുലഭമാവാന്‍ കാരണമെന്നും അഭിപ്രായമുണ്ട്.