എടത്വ: ചെവികള്‍ അറുത്തുമാറ്റിയും വയറ്റില്‍ കത്തി കുത്തിയിറക്കിയും പോത്തിനോട് കണ്ണില്ലാത്ത ക്രൂരത. ഒന്നരവയസുള്ള പോത്തിനോട് സാമൂഹിക വിരുദ്ധതരുടെ അക്രമം നടത്തിയത്. തകഴിയിലെ ചിറയകം വടക്കേമണ്ണട രാഹുല്‍ വളര്‍ത്തുന്ന പോത്താണ് ആക്രമണത്തിന് ഇരയായത്.
പുരയിടത്തില്‍ കെട്ടിയിട്ട പോത്തിനെ ബുധനാഴ്ച രാത്രിയാണ് ആക്രമിച്ചത്. രാഹുലിന്റെ വീടിന് സമീപത്തെ 60ല്‍ ഷാപ്പിന്റെ സമീപത്തെ പുരയിടത്തിലാണ് പോത്തിനെ കെട്ടിയിരുന്നത്. വ്യാഴാഴ്ച രാവിലെയാണ് മാരകമായ പരിക്കേറ്റ പോത്തിനെ കണ്ടത്. കെട്ടിയിട്ട സ്ഥലത്തുനിന്ന് കുറച്ച് മാറിയാണ് പോത്തിനെ കണ്ടെത്തിയത്.
രക്തം വാര്‍ന്നു പോയതിനെ തുടര്‍ന്ന് പോത്ത് അവശനിലയിലായിരുന്നു. പഞ്ചായത്ത് അംഗം ബെന്സന് ജോസഫിന്റെ നേതൃത്വത്തില്‍ പോത്തിനെ മൃഗാശുപത്രിയില്‍ എത്തിച്ചു. ജീവനക്കാര്‍ പോത്തിന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും അപകട നില തരണം ചെയ്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.
Discussion about this post