ആലുവ: ബൈക്കിലെത്തിയ യുവാവ് പെട്ടിക്കടക്കാരനെയും പോലീസുകാരനെയും ആക്രമിച്ച് സാധനങ്ങളുമായി കടന്നുകളഞ്ഞു. ആറായിരം രൂപയുടെ സിഗരറ്റും മറ്റുവസ്തുക്കളുമായാണ് കവർച്ചക്കാരൻ കടന്നുകളഞ്ഞത്.
തോട്ടക്കാട്ടുകര മണപ്പുറം റോഡിൽ പെട്ടിക്കട നടത്തുന്ന കടുങ്ങല്ലൂർ കടേപിള്ളി കൊല്ലംപറമ്പിൽ വീട്ടിൽ കെഎ.ആനന്ദനാണ് (71) തട്ടിപ്പിനും ആക്രമണത്തിനും ഇരയായത്. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.
കടയിലെത്തിയ യുവാവ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് എന്ന് പറഞ്ഞാണ് 6527 രൂപയ്ക്ക് സിഗരറ്റും കോഴിമുട്ടയും വാങ്ങി പണം നൽകാതെ കടന്നത്. ബൈക്കിന് പിന്നാലെ ഓടിയ ആനന്ദനെയും കവലയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ട്രാഫിക് പോലീസുകാരനെയും ഇയാൾ ചവിട്ടി താഴെ ഇട്ട് സർവിസ് റോഡിലൂടെ രക്ഷപ്പെടുകയായിരുന്നു.
റോഡിൽ തെറിച്ചുവീണ ആനന്ദനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. കെഎൽ 44 എഫ് 242 എന്ന നമ്പറിലുള്ള ബൈക്കിലാണ് പ്രതി എത്തിയത്. എന്നാൽ, ഇത് വ്യാജ നമ്പറാകാമെന്നാണ് പോലീസ് കരുതുന്നത്. അന്വേഷണം ആരംഭിച്ചു.
Discussion about this post