കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തീകരണത്തിന് സാവകാശം തേടി അദാനി ഗ്രൂപ്പ്. 2024 വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു.
എന്നാല്‍ 2024 വരെ സമയം നല്‍കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനെ അറിയിച്ചു. പദ്ധതി രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ അദാനി ഗ്രൂപ്പിന് 2019ല്‍ അന്ത്യശാസനം നല്‍കിയാണ്. അദാനി ഗ്രൂപ്പ് ഉന്നയിക്കുന്ന എല്ലാ പരാതികളും അതത് സമയത്ത് തന്നെ സംസ്ഥാന സര്‍ക്കാര്‍ പരിഹരിച്ചിട്ടുണ്ട്. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് അവര്‍ പദ്ധതി നീട്ടികൊണ്ടുപോകുകയാണ്. 2023 വരെ അവര്‍ക്ക് സമയം നീട്ടി നല്‍കാം. എന്നാല്‍ 2024 വരെ സാധിക്കില്ല-മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചു.
കരാറുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളില്‍ ആദ്യം അനുരജ്ഞനചര്‍ച്ച നടത്തണമെന്നും പ്രശ്നപരിഹാരമായില്ലെങ്കില്‍ ആര്‍ബ്യൂട്രേഷണ്‍ ട്രിബ്യൂണിലനെ സമീപിക്കാം എന്നാണ് കരാറിലെ വ്യവസ്ഥ. ഇതനുസരിച്ച് 2023 ഡിസംബറോടെ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കാം എന്നാണ് ട്രിബ്യൂണലിനെ അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.
വിഴിഞ്ഞം പദ്ധതിക്കുള്ള കരാര്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2015ല്‍ ഒപ്പുവെച്ചപ്പോള്‍ 1000 ദിവസംകൊണ്ട് പൂര്‍ത്തിയാക്കുമെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ വാഗ്ദാനം. എന്നാല്‍ വര്‍ഷം ആറ് ആയിട്ടും പദ്ധതി എവിടേയും എത്തിയില്ല. പ്രകൃതിക്ഷോഭവും കല്ല് ലഭിക്കാനുള്ള പ്രശ്‌നങ്ങളും മൂലം പുലിമുട്ട് നിര്‍മ്മാണം വൈകുന്നതിനാല്‍ കൂടുതല്‍ സമയം വേണമെന്നാണ് വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് ആര്‍ബിട്രല്‍ ട്രിബൂണലില്‍ ആവശ്യപ്പെട്ടത്.
സര്‍ക്കാരും കരാര്‍ വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് അദാനി ഗ്രൂപ്പ് ആരോപിക്കുന്നുണ്ട്. റെയില്‍ കണക്ടിവിറ്റി വൈകി, അതിര്‍ത്തി മതില്‍ നിര്‍മ്മാണം വൈകി തുടങ്ങിയ കുറ്റങ്ങളാണ് സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പ് ഉയര്‍ത്തുന്നത്. ഓഖിയും, രണ്ട് പ്രളയവും,നാട്ടുകാരുടെ പ്രതിഷേധവും എല്ലാം പദ്ധതി വൈകാന്‍ കാരണമായതായും അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു.
Discussion about this post