തിരുവനന്തപുരം: കേള്‍ക്കുന്നവര്‍ക്ക് കാര്യം നിസ്സാരം; എന്നാല്‍ നമ്മുടെ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് അതൊരു വലിയ സീരിയസ് ഇഷ്യൂ! ഇത് സ്വന്തം അനുഭവത്തില്‍ നിന്ന് കെസി അബ്ദുള്‍ റഹ്മാന് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ്. നല്ലത് കാണുമ്പോള്‍ അതിനെ അഭിനന്ദിക്കാന്‍ രാഷ്ട്രീയ നിലപാടുകളിലെ വിയോജിപ്പ് തടസ്സമാവരുത് എന്നാണ് തന്റെ നിലപാട് എന്ന് കുറിച്ച അദ്ദേഹം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്വീകരിച്ച ഉടനടി നടപടികളെ അഭിനന്ദിക്കുകയാണ്.
പുളിയംപറമ്പ്തറയിട്ടാല് ഭാഗത്ത് ഒരു കിലോമീറ്ററില്‍ താഴെയുള്ള ദൂരത്തിനിടയില്‍ (കൃത്യമായിപ്പറഞ്ഞാല്‍ 900 മീറ്ററിനിടയില്‍) നാലിടത്തായി സ്ഥാപിച്ച പുതിയ ഹമ്പുകളുടെ കാര്യത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ട സുരക്ഷാ വീഴ്ചയുമായും അതില്‍ മന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സ്വീകരിച്ച നടപടികളുമാണ് അബ്ദുള്‍ റഹ്മാന് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഈ പ്രതികരണത്തില്‍ രാഷ്ട്രീയമില്ലെന്ന് അദ്ദേഹം എടുത്തു പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
കേള്‍ക്കുന്നവര്‍ക്ക് കാര്യം നിസ്സാരം; എന്നാല്‍ നമ്മുടെ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് അതൊരു വലിയ സീരിയസ് ഇഷ്യൂ!
നല്ലത് കാണുമ്പോള്‍ അതിനെ അഭിനന്ദിക്കാന്‍ രാഷ്ട്രീയ നിലപാടുകളിലെ വിയോജിപ്പ് തടസ്സമാവരുത് എന്നാണന്റെ നിലപാട്. മാത്രമല്ല ഒരു ജനാധിപത്യ സംവിധാനത്തില്‍ തെരെഞ്ഞെടുക്കപെടുന്ന ജനപ്രതിനിധികളും സര്‍ക്കാരും രാഷ്ട്രീയ വ്യത്യാസം മറന്ന് മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി പ്രവര്ത്തിക്കേണ്ടവരാവണം എന്നാണല്ലോ നാം ആഗ്രഹിക്കുന്നതും.
പുളിയംപറമ്പ്–തറയിട്ടാല്‍ ഭാഗത്ത് ഒരു കിലോമീറ്ററില്‍ താഴെയുള്ള ദൂരത്തിനിടയില്‍ (കൃത്യമായിപ്പറഞ്ഞാല്‍ 900 മീറ്ററിനിടയില്‍) നാലിടത്തായി സ്ഥാപിച്ച പുതിയ ഹമ്പുകളുടെ കാര്യത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ട സുരക്ഷാ വീഴ്ചയുമായും അതില്‍ ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും അദ്ദേഹത്തിന്റെ ഓഫീസും സ്വീകരിച്ച നടപടികളുമായും ബന്ധപ്പെട്ടതാണ് ഞാന്‍ പറയാന്‍ പോവുന്ന വിഷയം. പരപ്പനങ്ങാടി മുതല്‍ പുത്തലം വരെയുള്ള 44.1 കിലോമീറ്റര്‍ സ്റ്റേറ്റ് ഹൈവേ 65-ല്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് തിരിയുന്നതിന് മുമ്പാണ് ഈ സ്ഥലം. (ഇംഗ്ലീഷില്‍ Hump-ഉം Bump-ഉം രണ്ടാണെങ്കിലും മലയാളത്തില്‍ രണ്ടിനും ഹമ്പ് എന്നാണ് സാധാരണ പറയുന്നത്. പുതുതലമുറ സ്പീഡ് ബ്രേക്കര്‍ (speed breaker) എന്ന് പറയുന്നത് കൊണ്ട് ഭാഷയും വ്യാകരണവും അവര്‍ക്ക് ഒരു പ്രശ്നമാവാറില്ല!).
2021 ആഗസ്ത് മാസം അവസാന നാളിലാണ് നാലിടങ്ങളിലായി അഞ്ച് വീതമുള്ള ഇരുപത് ചെറിയ ഹമ്പുകള്‍ (Bump) വരുന്നത്. സപ്തംബര്‍ രണ്ടിന് രാവിലെയാണ് ഞാന്‍ അതുവഴി പോവുന്നത്. യാതൊരുവിധ സുരക്ഷാമുന്നറിയിപ്പുകളും ഇല്ലാതെയുള്ള ‘ഹമ്പിന്കൂട്ടങ്ങള്’ അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ തന്നെ തകിടംമറിക്കുന്ന തരത്തിലായിരുന്നു. ഇരുചക്ര വാഹനങ്ങളും ചെറിയ കാറുകളും ഹമ്പില്‍ തട്ടി അപകടം വരുത്തുന്ന അവസ്ഥ. അവിടെ ഹമ്പ് ഉണ്ടെന്ന മുന്നറിയിപ്പ് നല്കുന്ന ബോര്‍ഡുകളോ വെള്ള വരകളോ ചുവന്ന റിഫ്ലക്ടറുകളോ ഒന്നുമുണ്ടായിരുന്നില്ല.
ഇക്കാര്യം 2021സപ്തംബര്‍ രണ്ടിന് രാത്രി 9:10ന് ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഇമെയില്‍ വഴി അറിയിച്ചു. പിറ്റേ ദിവസം (സപ്തംബര്‍ 3) രാവിലെ 9:53ന് മന്ത്രിയുടെ മറുപടിയും വന്നു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ബന്ധപ്പെട്ടവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നറിയിച്ചുകൊണ്ടുള്ളതായിരുന്നു മറുപടി. അതിന് നന്ദി അറിയിച്ചുകൊണ്ടും റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ ഉപകരിക്കുന്ന കൊച്ചു-കൊച്ചു ബോധവല്‍ക്കരണ പരിപാടികളെക്കുറിച്ചുമുള്ള എന്റെ ഒരു മറുപടി അന്ന് തന്നെ രാത്രി 8:16ന് ബഹു. മന്ത്രിക്ക് അയക്കുകയും ചെയ്തു.
സപ്തംബര്‍ 9ന് വ്യാഴാഴ്ച ഉച്ചക്ക് 3:20ന് തിരുവനന്തപുരത്ത് നിന്ന് എനിക്കൊരു ഫോണ്‍ വിളി വന്നു. മന്ത്രി മുഹമ്മദ് റിയാസിന് ഞാന്‍ അയച്ച പരാതിയെക്കുറിച്ച് സംസാരിക്കാനാണ് വിളിക്കുന്നതെന്ന് പറഞ്ഞു. വിളിക്കുന്നത് തിരുവനന്തപുരം ഓഫീസില്‍ നിന്നാണെന്നും പേര് ഷൈല മോള് ആണെന്നും അവര്‍ സ്വയം പരിചയപ്പെടുത്തി. ഞാന്‍ ഉന്നയിച്ച കാര്യങ്ങളില്‍ നടപടി എടുത്തിട്ടുണ്ടെന്നും അക്കാര്യത്തില്‍ വേണ്ട തിരുത്തല്‍ ജോലികള്‍ ഇപ്പോള്‍ നടക്കുകയാണെന്നും അറിയിച്ചു. ആ ജോലികള്‍ക്ക് നേതൃത്വം നല്കുന്ന അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് ഷാഫി ഇപ്പോള്‍ പണി നടന്നുകൊണ്ടിരിക്കുന്ന പുളിയംപറമ്പ് ഭാഗത്ത് ഉണ്ടെന്നും എന്നോട് അവിടെവരെ ഒന്ന് പോയി എഞ്ചിനീയര്‍ മുഹമ്മദ് ഷാഫിയുമായി കാര്യങ്ങള്‍ നേരിട്ട് സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. മറ്റു ചില അടിയന്തിര ചുറ്റുപാടിലായിരുന്നത് കൊണ്ട് ഉടനെ അങ്ങോട്ട് പോവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചപ്പോള്‍ അവര്‍ AEE മുഹമ്മദ് ഷാഫി സാറിന്റെ മൊബൈല്‍ നമ്പര്‍ തന്നു.
ഷാഫി സാറുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം ഹമ്പുകള്‍ സ്ഥാപിക്കാനുണ്ടായ സാഹചര്യം വിശദീകരിച്ചു. ആ ഭാഗത്ത് തുടര്‍ച്ചയായി ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ നാട്ടുകാരുടെ ആവശ്യപ്രകാരം സ്ഥലം എംഎല്‍എയും ജില്ലാ കളക്ടറും ജില്ലാ വികസന സമിതിയും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹമ്പ് നിര്‍മ്മിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഹമ്പിന്റെ ഉയരത്തിലും സുരക്ഷാ മുന്നറിയിപ്പുകളുടെ കാര്യത്തിലും എല്ലാവര്ക്കും സ്വീകാര്യമായ രീതിയില്‍ പ്രവൃത്തികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സപ്തംബര്‍ 10ന് വെള്ളിയാഴ്ച ഉച്ചക്ക് 12:58ന് തിരുവനന്തപുരത്ത് നിന്ന് വീണ്ടും വിളി വന്നു. ജുമുഅക്ക് പോയ സമയമായത് കൊണ്ട് ഫോണ്‍ കയ്യിലുണ്ടായിരുന്നില്ല. ജുമുഅ കഴിഞ്ഞതിന് ശേഷം 1:34ന് തിരിച്ചു വിളിച്ചപ്പോള്‍ മറുതലക്കല്‍ ഷൈല മോള്. വര്‍ക്ക് നടക്കുന്ന സ്ഥലം സന്ദര്‍ശിച്ചതിന് ശേഷമുള്ള എന്റെ പ്രതികരണം അറിയാന്‍ വിളിച്ചതാണെന്ന് പറഞ്ഞു. ഇതത്ര വലിയ സീരിയസായ ഒരു പ്രശ്നമോ പരാതിയോ അല്ലെന്നും തിരുവനന്തപുരത്ത് നിന്നും വിളിക്കാന്‍ മാത്രം പ്രാധാന്യമുള്ള ഒരു വിഷയമല്ലെന്നും ഞാന്‍ അവരോട് പറഞ്ഞു നോക്കി. പക്ഷെ അവര്‍ വിടുന്ന പ്രശ്നമില്ല; മന്ത്രിയുടെ ഓഫീസും ഉന്നത ഉദ്യോഗസ്ഥരും ഇടപെട്ട ഒരു കാര്യമായത് കൊണ്ട് വിഷയത്തില്‍ സ്വീകാര്യമായ ഒരു പരിഹാരം ഉണ്ടായി എന്ന് ഞാന്‍ അവരെ അറിയിക്കുന്നത് വരെ ഫോളോ-അപ് ഉണ്ടാവുമെന്നും ഷൈല മോള് പറഞ്ഞു.
സപ്തംബര്‍ 12-ന് ഞായറാഴ്ച രാവിലെ ഞാന്‍ സ്ഥലം സന്ദര്‍ശിച്ച് നടന്ന് കൊണ്ടിരിക്കുന്ന വര്‍ക്കുകള്‍ വിലയിരുത്തി. ഹമ്പുകളുടെ ഉയരത്തില്‍ വന്ന സ്വാഭാവിക മാറ്റവും ലൈനിംഗ് ജോലികളുടെയും ചുവന്ന റിഫ്ലക്ടര്‍ ഘടിപ്പിക്കുന്നതിന്റെയും സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന്റെയും വിവരം ഫോട്ടോ സഹിതം അന്ന് 11:19ന് ഇമെയില്‍ മുഖേന ബഹു. മന്ത്രിക്ക് അയച്ചു കൊടുത്തു. ഞങ്ങളുടെ ഇമെയില്‍ കത്തിടപാടില്‍ പേരുണ്ടായിരുന്നത് കൊണ്ട് തന്നെ സര്‍വശ്രീ ആനന്ദ് സിംഗ് ഐ.എ.എസ്., അജിത് രാമചന്ദ്രന്, കെ.ആര്. മധുമതി. മഞ്ചേരി ഡിവിഷണല്‍ ഓഫീസ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തുടങ്ങിയവര്‍ക്കും ഈ വിവരങ്ങളെല്ലാം കിട്ടുന്നുണ്ടായിരുന്നു.
ചില സമ്മര്‍ദ്ദങ്ങളുടെ ഫലമായി കാലാവസ്ഥയും സാഹചര്യവും പരിഗണിക്കാതെ ധൃതഗതിയില്‍ നടത്തിയ ഒരു വര്‍ക്കായത് കൊണ്ട് ഹമ്പിന്റെ നല്ലൊരു ഭാഗം മഴവെള്ളപ്പാച്ചിലില്‍ പൊട്ടിപ്പൊളിഞ്ഞു. വര്‍ക്ക് നടക്കുമ്പോള്‍ വാഹനഗതാഗതം തുടര്‍ന്നിരുന്നത് കൊണ്ടും ഹമ്പുകള്‍ക്ക് അവ നിർമ്മിച്ച് ചൂടാറും മുമ്പേ തന്നെ കേടുപാടുകള്‍ സംഭവിച്ചു. ചുരുക്കത്തില്‍ നിര്‍മ്മാണം നടന്ന് ഒരാഴ്ചക്കകം തന്നെ പൊട്ടിയ ഹമ്പുകള്‍ കാണേണ്ട ചുറ്റുപാടുണ്ടായി.
സപ്തംബര്‍ 13 തിങ്കളാഴ്ച ഉച്ചക്ക് 12:07ന് ബഹു. മന്ത്രി മുഹമ്മദ് റിയാസ് എന്റെ അപ്ഡേറ്റ് കിട്ടിയെന്ന് അറിയിച്ചും അതിന് നന്ദി രേഖപ്പെടുത്തിയും ഇമെയില്‍ സന്ദേശമയച്ചു. മന്ത്രിയും മന്ത്രിയുടെ ഓഫീസും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ഈ വിഷയത്തില്‍ കാണിച്ച താല്പര്യവും അവര്‍ നടത്തിയ സമയോജിത ഇടപെടലുകളും ഏറെ പ്രശംസനീയമാണെന്ന് അവരെ അറിയിക്കുകയും ചെയ്തു. (നാട്ടില്‍ “സര്”, “മാഡം” വിളികള്‍ അവസാനിപ്പിക്കണമെന്ന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ബഹു. മന്ത്രി മുഹമ്മദ് റിയാസ് സര് എന്ന് അഭിസംബോധന ചെയ്ത് കൊണ്ടാണ് എനിക്ക് എല്ലാ ഇമെയില്‍ സന്ദേശങ്ങളും അയച്ചിട്ടുള്ളത്. ഞാന്‍ അദ്ദേഹത്തെ “ഡിയര്‍ മിനിസ്റ്റര്‍” എന്നാണ് അഭിസംബോധന ചെയ്തിരുന്നത്)
സപ്തംബര്‍ 13ന് മന്ത്രിയുടെ ഇമെയില്‍ സന്ദേശം വരുന്നതിന് തൊട്ട് മുമ്പായി രാവിലെ 10:54ന് ഷൈല മോള് വീണ്ടും തിരുവനന്തപുരത്ത് നിന്ന് വിളിച്ചിരുന്നു. തലേദിവസം ഞാന്‍ അയച്ച ഫോട്ടോകളും അവലോകനവും ഏറെ ഉപകാരപ്രദമായി എന്നും മഴയില്‍ തകര്‍ന്ന ഹമ്പുകള്‍ മഴ നില്ക്കുന്ന മുറക്ക് പുതുക്കിപ്പണിയാന്‍ റോഡ് മെയിന്റനന്‍സ് വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.
സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന ധാരണകള്‍ക്ക് ഒരു മാറ്റം പൊതുമരാമത്ത് വകുപ്പിലെങ്കിലും ഉണ്ടായി കാണുന്നത് ആശാവഹമാണ്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും റവന്യു-വ്യവസായ വകുപ്പുകളും ഈ മതൃക പിന്‍പറ്റിയാല്‍ വലിയ ആശ്വാസമാവും.
Note: എന്റെ മുകളിലെ കുറുപ്പിനെ ആരും രാഷ്ട്രീയമായി കാണേണ്ടതില്ല. അതുകൊണ്ട് തന്നെ വസ്തുതാപരമായ പ്രതികരണങ്ങള്‍ക്ക് മാത്രം സ്വാഗതം.
കെ.സി. അബ്ദുറഹ്മാന്
കുന്നുംപുറം
Discussion about this post