തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച യുവ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ പ്രണവിന്റെ കുടംബത്തിന് 2.19 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. 1,58,65,184 രൂപയും ഹര്‍ജി ഫയല്‍ ചെയ്ത 2017 നവംബര്‍ മുതല്‍ അനുവദിച്ച 8% പലിശയും കോടതി ചെലവും ഉള്‍പ്പെടെ ചേര്‍ത്താണ് 2.19 കോടി നഷ്ടപരിഹാരം നല്‍കാന്‍ തിരുവനന്തപുരം വാഹനാപകട നഷ്ടപരിഹാര കോടതി ഉത്തരവിട്ടത്.
ബംഗളൂരു ഓഫീസിലെ സീനിയര്‍ അനലിസ്റ്റ് ആയിരുന്ന തിരുവനന്തപുരം വിളവൂര്‍ക്കല്‍ കുണ്ടമണ്‍ഭാഗം കുറിഞ്ചിമണ്‍ കട്ടയ്ക്കല്‍ റോഡില്‍ തംബുരുവില്‍ പ്രണവ് (28) ഐണ് 2017 ഏപ്രിലിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഭാര്യ രേഷ്മയെ ഇടപ്പഴഞ്ഞിയിലെ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ വിട്ടശേഷം ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് പോകുമ്പോള്‍ മരുതുംകുഴി പാലത്തിനു സമീപം പുറകില്‍നിന്ന് അമിത വേഗത്തില്‍ വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.
പരിക്കേറ്റ പ്രണവിനെ നാട്ടുകാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോടതി വിധി പ്രകാരം ഈ കേസിലെ രണ്ടാം എതിര്‍ കക്ഷിയായ ചോള എംഎസ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണു നഷ്ടപരിഹാര തുക ഹര്‍ജിക്കാരായ പ്രണവിന്റെ ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കുമായി നല്‍കേണ്ടത്.