തിരുവനന്തപുരം: യുവാക്കളെ മതതീവ്രവാദ നിലപാടുകളിൽ നിന്നും പിന്തിരിപ്പിക്കുന്നതിനായി വിവിധ ജില്ലകളിൽ നടത്തിയിരുന്ന പരിപാടികൾ പുനരാരംഭിക്കാൻ സർക്കാർ നീക്കം. യുവാക്കൾ തീവ്രവാദ സംഘടനകളിലും മറ്റും എത്തിപ്പെടാതിരിക്കാൻ കൈക്കൊണ്ട നടപടികൾ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.
തീവ്ര മതനിലപാടുകൾ സ്വീകരിക്കുകയും ഐഎസ് ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുകയും ചെയ്യുന്നതായി കണ്ട യുവാക്കളെ ഡീ റാഡിക്കലൈസേഷൻ പരിപാടികളിൽ പങ്കെടുപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.
മതതീവ്ര നിലപാടുകളിൽ യുവാക്കൾ എത്തിപ്പെടാതിരിക്കാൻ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് മുൻകൈയെടുത്ത് 2018 മുതൽ ഡീ റാഡിക്കലൈസേഷൻ പരിപാടികൾ സംഘടിപ്പിച്ചതിന്റെ ഭാഗമായാണിത്. തെറ്റായ നിലപാടുകളിൽ നിന്ന് പിന്തിരിപ്പിച്ച് അവരെ സാധാരണ മനോനിലയിലെത്തിക്കാനുള്ള ശ്രമമാണ് ഇങ്ങനെ തുടർച്ചയായി നടത്തുന്നത്.
മതതീവ്ര മതനിലപാടുകളിലൂടെ ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായി യുവാക്കൾ വഴിതെറ്റാതിരിക്കാൻ വിവിധ ജില്ലകളിലെ മഹല്ലുകളിലെ പുരോഹിതന്മാരെയും മഹല്ല് ഭാരവാഹികളെയും ഉൾപ്പെടുത്തി കൗണ്ടർ റാഡിക്കലൈസേഷൻ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ചിട്ടയായും ഫലപ്രാപ്തിയോടെയും നടത്തി വന്ന ഈ പരിപാടികൾ കോവിഡ് പശ്ചാത്തലത്തിൽ 2020 മുതൽ നിർത്തിവെക്കേണ്ടി വന്നു. അത് പുനരാരംഭിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post