മങ്കൊമ്പ്: രാമങ്കരിയില്‍ വാട്ടര്‍ ടാങ്കിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഗൃഹനാഥന്‍ ഒടുവില്‍ കീഴടങ്ങി. രാമങ്കരി സ്വദേശി ട്രിബിലി (55)യാണ് ഇന്ന് രാവിലെ ആറോടെ രാമങ്കരി ജംഗ്ഷനിലുള്ള വാട്ടര്‍ അതോറിറ്റിയുടെ ഓവര്‍ഹെഡ് ടാങ്കിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. പെട്രോളും കയറുമായി കയറിയാണ് മണിക്കൂറുകളോളം പോലീസിനെയും നാട്ടുകാരെയും വലച്ചത്.
കുറച്ചുനാള്‍ രാമങ്കരിയില്‍ കപ്പലണ്ടി വില്പന നടത്തിയിരുന്ന ആളാണ് ട്രിബിലി.
നാലു മണിക്കൂറോളോളം നാട്ടുകാരെയും പോലീസിനെയും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം നാടകീയ നീക്കത്തിനൊടുവിലാണ് ഇയാള്‍ താഴെ ഇറങ്ങിയത്.
രാവിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. ഭാര്യയും മക്കളുമായുള്ള വഴക്കിനെ തുടര്‍ന്ന് ട്രിബിലിക്കെതിരെ അമ്പലപ്പുഴ പോലീസില്‍ പരാതി ഉണ്ടായിരുന്നു. ആ പരാതി പിന്‍വലിപ്പിക്കാന്‍ വേണ്ടിയാണ് വാട്ടര്‍ടാങ്കില്‍ കയറിയത്. കേസ് പിന്‍വലിക്കണമെന്നും മകള്‍ വന്നാലെ ഇറങ്ങൂ എന്ന് ഭീഷണി മുഴക്കി.
തുടര്‍ന്ന് രാമങ്കരി പോലീസും ഡിവൈഎസ്പിയും ഫയര്‍ ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി ഇയാളെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യം സഹോദരിയും പിന്നീട് മാതാപിതാക്കളും മകളും സ്ഥലത്തെത്തി. താഴെയിറങ്ങാനാവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല.
ഒടുവില്‍ അമ്പലപ്പുഴയില്‍ നിന്നു മകള്‍ സ്ഥലത്തെത്തിയപ്പോഴേക്കും ഫയര്‍ഫോഴ്‌സ് സംഘം നാട്ടുകാരുടെ സഹായത്തോടെ ടാങ്കിന് താഴെ വല വിരിച്ചു നിന്നു. മകള്‍ വന്നിട്ടും താഴെയിറങ്ങാന്‍ മടി കാണിച്ചതോടെ പോലീസും ഫയര്‍ഫോഴ്‌സും നയം മാറ്റി.
തങ്ങള്‍ തിരികെ പോകുകയാണെന്നു പോലീസ് പറഞ്ഞതോടെ, തനിക്കെതിരെ കേസെടുക്കാതിരുന്നാല്‍ താഴെയിറങ്ങാമെന്ന് അദ്ദേഹം സമ്മതിച്ചു. കുടിക്കാന്‍ വെള്ളം ഇല്ലാതിരുന്നതിനു പിന്നാലെ, വെയില്‍ ശക്തമാകുക കൂടി ചെയ്തതോടെ ഇയാള്‍ ഇറങ്ങാന്‍ തയാറാകുകയായിരുന്നു. പത്ത് മണിയോടെ കയറിയതു പോലെ തന്നെ ഏണിയിലൂടെ താഴെയിറങ്ങുകയായിരുന്നു. ശേഷം ഇയാളെ മകള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം വീട്ടിലേക്ക് പറഞ്ഞയച്ചു.
വീട്ടുവിട്ട് നാലുവര്‍ഷമായി ഊരുക്കരിയില്‍ ഒരു വള്ളത്തിലാണ് ട്രിബിലിയുടെ താമസം. രാമങ്കരി പോലീസ് സ്റ്റേഷനില്‍ വെച്ച് ഭാര്യയും മകളുമായി സംസാരിച്ചു. തനിച്ചു കഴിയുന്നതിന്റെ മാനസിക ബുദ്ധിമുട്ട് ട്രിബിലിക്ക് ഉള്ളതായി പോലിസ് പറഞ്ഞു.