പ്രതിശ്രുത വരന്റെ ബൈക്കിൽ നിന്നും തെറിച്ചുവീണത് കെഎസ്ആർടിസി ബസിന് അടിയിലേക്ക്; യുവതിക്ക് ദാരുണാന്ത്യം; മൃതദേഹം റോഡിൽ കിടന്നത് ഒരു മണിക്കൂറോളം

ചങ്ങനാശ്ശേരി: പ്രതിശ്രുത വരനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ കെഎസ്ആർടിസി ബസിനടിയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം വീട്ടിൽ സണ്ണിയുടെയും ബിജിയുടെയും മകൾ സുബി ജോസഫ് (25) ആണ് മരിച്ചത്. വാഴൂർ റോഡിൽ പൂവത്തുംമൂടിനു സമീപം ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. സണ്ണിയുടേയും ബിജിയുടേയും ഏകമകളാണ് സുബി. ബൈക്ക് ഓടിച്ചിരുന്ന യുവാവിന് പരിക്കില്ല.

കറുകച്ചാൽ ഭാഗത്തുനിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് അതേദിശയിൽ സഞ്ചരിക്കുന്ന കെഎസ്ആർടിസി ബസിനെ ഓവർടേക്കു ചെയ്യുന്നതിനിടെ ബൈക്കിന്റെ ഹാൻഡിലിൽ തട്ടി. നിയന്ത്രണംവിട്ട ബൈക്കിന്റെ പിന്നിലിരുന്ന സുബി ബസിന്റെ പിൻവശത്തേക്ക് വീഴുകയായിരുന്നു. സുബിയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങിയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തുതന്നെ സുബി മരിച്ചുവെന്ന് പോലീസ് പറഞ്ഞു.

കുമളിയിൽനിന്ന് കായംകുളത്തേക്ക് പോകുകയായിരുന്നു ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തെത്തുടർന്ന് ബഹളംകേട്ട് നാട്ടുകാരും വഴിയാത്രക്കാരും ഓടിയെത്തിയെങ്കിലും തല പൂർണമായും തകർന്നിരുന്നു. തുടർന്ന് പോലീസിനേയും അഗ്നിരക്ഷാസേനയേയും നാട്ടുകാർ വിവരം അറിയിക്കുകയയായിരുന്നു. മുക്കാൽ മണിക്കൂറോളമാണ് മൃതദേഹം റോഡിൽകിടന്നത്. ഒടുവിൽ നാട്ടുകാർചേർന്നാണ് മൃതദേഹം ആംബുലൻസിലേക്ക് മാറ്റിയത്.

അപകടത്തെത്തുടർന്ന് ഏറെനേരം ഗതാഗതവും തടസ്സപ്പെട്ടു. തൃക്കൊടിത്താനം പോലീസ് സംഭവസ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ചങ്ങനാശ്ശേരി അഗ്‌നിശമനസേന എത്തി റോഡിൽ കെട്ടിക്കിടന്ന രക്തവും ശരീര അവശിഷ്ടങ്ങളും കഴുകിമാറ്റി വൃത്തിയാക്കി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Exit mobile version