തിരൂർ: മലപ്പുറത്ത് സ്വകാര്യ ക്ലിനിക്കിൽ ലക്ഷങ്ങൾ വിലവരുന്ന സർക്കാർ ഹോമിയോ മരുന്നുകൾ കണ്ടെത്തി. വെട്ടം ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫിസറുടെ സ്വകാര്യ ക്ലിനിക്കിൽ ഡിഎംഒ നടത്തിയ റെയ്ഡിലാണ് മരുന്നുകൾ പിടിച്ചെടുത്തത്. വെട്ടം ആലിശ്ശേരിയിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ഹോമിയോ ആശുപത്രിയിൽ വിതരണം ചെയ്യേണ്ട മരുന്നുകളാണ് തിരൂർ ടൗണിലെ വെൽകെയർ ഹോമിയോ ക്ലിനിക്കിൽനിന്ന് പിടിച്ചെടുത്തത്.
വെട്ടം ആശുപത്രിയിൽനിന്ന് രോഗികൾക്ക് മരുന്ന് നൽകാതെ തിരൂരിലെ സ്ഥാപനത്തിൽനിന്ന് വാങ്ങാൻ മെഡിക്കൽ ഓഫിസറായ ഡോക്ടർ നിർബന്ധിക്കുന്നത് പതിവായതോടെയാണ് നാട്ടുകാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. തുടർന്ന് ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഡിഎംഒയെ ചുമതലപ്പെടുത്തി.
ഹോമിയോ ഡിഎംഒ എകെ റംലത്തിന്റെ നേതൃത്വത്തിൽ ഉന്നത സംഘം നടത്തിയ റെയ്ഡിലാണ് മരുന്നുകൾ പിടിച്ചെടുത്തത്. ആശുപത്രിയിൽ വിതരണം നടത്തേണ്ടിയിരുന്ന ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളാണ് ക്ലിനിക്കിൽ നിന്നും പിടികൂടിയതെന്നും പ്രാഥമിക പരിശോധനയിൽ തന്നെ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയതായി ഡിഎംഒ പറഞ്ഞു. തുടർന്ന് തിരൂർ പോലീസിന്റെ സഹായത്തോടെ ക്ലിനിക്ക് പൂട്ടി സീൽ ചെയ്തു.
Discussion about this post