കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബംപറടിച്ചെന്ന് തെറ്റിദ്ധരിച്ച് വിവാദത്തിലായ വയനാട് പനമരം സ്വദേശിയായ സെയ്തലവിയുടെ കുടുംബത്തിന് പിന്തുണയുമായി നാട്ടുകാര്‍.
യഥാര്‍ഥത്തില്‍ ലോട്ടറിയടിച്ചത് മരട് സ്വദേശിയ്ക്കാണെന്ന് പുറത്തുവന്നതോടെ സെയ്തലവിയുടെ കുടുംബം ബന്ധു വീട്ടിലേക്ക് മാറിയിരിക്കുകയാണ്. അയല്‍ക്കാരുടെയും പരിചയക്കാരുടെയും ചോദ്യങ്ങള്‍ക്കു മുന്പില് സെയ്തലവിയുടെ കുടുംബം തളര്‍ന്നുപോയിരിക്കുകയാണ്.
എല്ലാവരോടും കാര്യങ്ങള്‍ വിശദീകരിച്ച് അവര്‍ക്കു മടുത്തു. ഇനി എല്ലാവരെയും എങ്ങനെ അഭിമുഖീകരിക്കണമെന്നറിയാതെ വിഷമിക്കുകയാണ് സെയ്തലവിയുടെ ഭാര്യയും മൂന്നു മക്കളും.
കുടുംബത്തെ ഉടന്‍ പനമരത്തേക്ക് തിരികെ കൊണ്ടുവരുമെന്ന് നാട്ടുകാര്‍ അറിയിച്ചു. സെയ്തലവിയുടെ മക്കളെ പരിഹസിക്കാനോ ഒറ്റപ്പെടുത്താനോ ആരെയും അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാര്‍.
കഷ്ടതകള്‍ ഏറെയുണ്ടായിരുന്നെങ്കിലും ആരുടെ മുന്നിലും സെയ്തലവിയുടെ കുടുംബത്തിന് തലകുനിക്കേണ്ടി വന്നിട്ടില്ല. സ്വന്തമായൊരു വീട് സ്വപ്നം കാണുന്നതിനിടെയാണ് ഓണം ബംപറടിച്ചെന്ന് സെയ്തലവി കുടുംബത്തെ ഫോണില്‍ വിളിച്ച് അറിയിച്ചത്. എന്നാല്‍ അമിതമായ ആഹ്ലാദം സെയ്തലവിയുടെ വാടക വീട്ടില്‍ ഉണ്ടായിരുന്നില്ല.
ടിക്കറ്റ് കൈയ്യില്‍ കിട്ടാതെ പ്രതികരണത്തിനില്ലെന്ന പക്വതയുള്ള നിലപാടായിരുന്നു സെയ്തലവിയുടെ ഭാര്യ സുഫൈറത്തിന്റേത്. തന്നെ വഞ്ചിച്ച സുഹൃത്ത് അഹമ്മദിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സെയ്തലവി.
അതേസമയം, ഫേസ്ബുക്കില്‍ നിന്നും കിട്ടിയ ഫോട്ടോയാണ് സെയ്തലവിയ്ക്ക് അയച്ചുകൊടുത്തതെന്ന നിലപാടിലാണ് സുഹൃത്ത് അഹമ്മദ്.
Discussion about this post