കൊച്ചി: അവ്യക്തതകള്‍ക്ക് ശേഷം ഇന്നലെ വൈകിട്ടാണ് ഓണം ബംപറിന്റെ യഥാര്‍ഥ വിജയി രംഗത്തുവന്നത്. യഥാര്‍ഥ ഭാഗ്യശാലി എറണാകുളം മരട് സ്വദേശി ജയപാലന്‍ ആയിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ജയപാലന്‍ ഇന്നലെയാണ് തനിക്കാണ് ഓണം ബംപര്‍ അടിച്ചെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.
ഞായറാഴ്ചയാണ് ഓണം ബമ്പര്‍ നറുക്കെടുത്തത്. TE 645465 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. നറുക്കെടുപ്പിന് ശേഷം തന്റെ കൈയില്‍ ഉണ്ടായിരുന്ന ടിക്കറ്റ് പരിശോധിച്ചു. തനിക്കാണ് അടിച്ചതെന്ന് വ്യക്തമായെങ്കിലും ആരോടും പറഞ്ഞില്ല.
തന്റേതായ കാര്യങ്ങള്‍ നടക്കില്ല എന്നതുകൊണ്ടാണ് പറയാതിരുന്നത്. ബാങ്കില്‍ ഏല്‍പിച്ച ശേഷം വീട്ടില്‍ വന്നപ്പോഴാണ് ഭാഗ്യശാലി ദുബായിലെന്ന വാര്‍ത്ത അറിയുന്നത്. യഥാര്‍ത്ഥ ടിക്കറ്റ് തന്റെ കൈയിലാണെന്ന ഉറപ്പുണ്ടായിരുന്നു. അതിന് ശേഷമാണ് ബന്ധുക്കളോടും മറ്റും പറയുന്നതെന്ന് ജയപാലന്‍ പറഞ്ഞു.
അതേസമയം, ബംപര്‍ തുക കൊണ്ട് കടങ്ങള്‍ വീട്ടണം. മക്കള്‍ക്ക് വീടുവച്ച് നല്‍കണമെന്നും ജയപാലന്‍ പറയുന്നു. എല്ലാ ദിവസവും ടിക്കറ്റ് എടുക്കുമായിരുന്നു. മൂന്നും നാലുമൊക്കെ എടുക്കുമായിരുന്നു. അയ്യായിരം രൂപ വരെ അടിച്ചിട്ടുണ്ട്. ഇനിയും ലോട്ടറി എടുക്കും.ലോട്ടറി ടിക്കറ്റ് എടുത്ത് നമുക്ക് അഞ്ച് രൂപ ലഭിക്കുന്നതില്‍ മാത്രമല്ല, വില്‍പനക്കാരന് രണ്ട് ലോട്ടറിയുടെ തുക കിട്ടുമല്ലോ എന്നും ജയപാലന്‍ കൂട്ടിച്ചേര്‍ത്തു.
ഒന്നാം സമ്മാനം ലഭിച്ചയാള്‍ക്ക് നികുതിയും, ഏജന്റ് കമ്മിഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ് ലഭിക്കുക. 12 കോടിയുടെ പത്ത് ശതമാനമായ 1.20 കോടി രൂപയാണ് ഏജന്‍സി കമ്മീഷന്‍.