വാക്‌സിനേഷൻ കൂടി ടിപിആർ കുറഞ്ഞു; തീയ്യേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാൻ

saji-cheriyan

തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആർ കുറഞ്ഞുവരികയാണ് വാക്‌സിനേഷനും 90 ശതമാനത്തോളം ജനങ്ങളിലെത്തി കഴിഞ്ഞു. ഇത് തീയ്യേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമാണെന്നു മന്ത്രി സജി ചെറിയാൻ. ഈ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് തീയ്യേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നകാര്യം പരിഗണിക്കുന്നത്.

സംസ്ഥാനത്ത് സീരിയൽ-സിനിമാ ചിത്രീകരണത്തിന് അനുമതിയുണ്ട്. മാത്രവുമല്ല കോളേജുകളും സ്‌കൂളുകളും തുറക്കാൻ ഒരുങ്ങുകയാണ്. അതുകൊണ്ടു തന്നെ തീയ്യേറ്ററുകൾ തുറക്കുന്ന കാര്യവും ആലോചിക്കാം എന്നാണ് സർക്കാരിന്റെ നിലപാട്. ആരോഗ്യ വിദഗ്ധർ അടക്കമുള്ളവരുമായി കൂടിയാലോചിച്ചതിന് ശേഷമേ സർക്കാർ അന്തിമ തീരുമാനമെടുക്കൂ.

ആദ്യഘട്ട കോവിഡ് വ്യാപനത്തിന് ശേഷം തീയേറ്ററുകൾ തുറന്ന് പ്രവർത്തിച്ചിരുന്നെങ്കിലും രണ്ടാം തരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ വീണ്ടും അടച്ചിടുകയായിരുന്നു. കോവിഡ് വന്നതിന് ശേഷം തിയേറ്റർ-ഓഡിറ്റോറിയങ്ങൾ ഉടമകൾ രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നത്.

സാമ്പത്തിക പ്രശ്‌നങ്ങൾ മറികടക്കാൻ സർക്കാർ പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്ന് തീയ്യേറ്റർ ഉടമകൾ ആവശ്യപ്പെട്ടിരുന്നു.

Exit mobile version