കോഴിക്കോട്: പാലാ ബിഷപ്പ് കല്ലറങ്ങാടിന്റെ വിവാദ പ്രസ്താവന ഉണ്ടാക്കിയ സാമുദായിക വിഭാഗീയതയിൽ സർക്കാർ സർവകക്ഷി യോഗം വിളിക്കാൻ വൈകുന്നത് ഖേദകരമെന്ന പ്രതികരണവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത.
പൊതുസമൂഹം മുഴുവൻ ആവശ്യപ്പെട്ടിട്ടും കേരള സർക്കാർ ഈ വിഷയത്തിൽ സർവ്വകക്ഷി/ സർവ്വമത യോഗം വിളിച്ചുകൂട്ടാൻ വൈകുന്നത് ഖേദകരമാണ്. ഇക്കാര്യത്തിൽ ഇനിയും അനാസ്ഥ ഉണ്ടായാൽ അത് ഇടതുപക്ഷത്തിന്റെ മതേതര കാഴ്ചപ്പാടിന് കനത്ത ആഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
കർദിനാൾ മാർ ക്ലീമിസ് കാത്തോലിക്ക ബാവയുടെ നേതൃത്വത്തിൽ വിളിച്ചുകൂട്ടിയ മതമേലധ്യക്ഷൻമാരുടെ യോഗത്തെ മാർകൂറിലോസ് പ്രശംസിക്കുകയും ചെയ്തു. ക്ലീമീസ് കാത്തോലിക്കാ ബാവാ മുൻകൈയെടുത്ത് ഇന്ന് നടത്തിയ മത നേതാക്കളുടെ യോഗം അത്യന്തം സ്വാഗതാർഹമാണെന്ന് മാർകൂറിലോസ് ചൂണ്ടിക്കാണിച്ചു. പിതാവ് തുടർന്നു നടത്തിയ പ്രസ്താവന സമൂഹം ഹൃദയത്തിൽ ഏറ്റെടുക്കുമെന്നും കൂറിലോസ് പറഞ്ഞു.
പാലാ ബിഷപ്പിന്റെ പരാമർശത്തെ പരോക്ഷമായി തള്ളി കർദിനാൾ മാർ ക്ലീമിസ് രംഗത്തെത്തിയിരുന്നു. മയക്കുമരുന്നിനെ മയക്കുമരുന്ന് എന്നുതന്നെ പറഞ്ഞാൽ മതിയെന്നാണ് അദ്ദേഹത്തിന്റെ പരാമർശം.