തൃശ്ശൂര്‍: ആസിഡിന്റെയും ജാന്‍വിയുടെയും വിവാഹമാണ് സോഷ്യല്‍ലോകത്ത് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ വാടാനപ്പിള്ളി പൊയ്യാറ ഷെല്ലിയുടെ വീട്ടിലെ നായയാണ് ആസിഡ്. വധു ജാന്‍വി പുന്നയൂര്‍ക്കുളത്തുകാരിയും.
ഗുരുവായൂര്‍ കുന്നത്തുമന ഹെറിറ്റേജ് റിസോര്‍ട്ടില്‍ ഇന്നു രാവിലെ 11നും 12നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു ഇവരുടെ വിവാഹം. പൂക്കള്‍ കൊണ്ട് അലങ്കരിച്ച കതിര്‍മണ്ഡപത്തില്‍ വച്ച് ഇരുവരുടെയും കഴുത്തില്‍ മാലയണിയിച്ചു. പട്ടികള്‍ക്ക് ഉത്തമകാലമായ കന്നിമാസത്തിലാണ് ഇവരുടെ വിവാഹമെന്ന പ്രത്യേകതയുമുണ്ട്.
ചന്ദന നിറത്തില്‍ ചുവന്ന ഫ്രില്ലുകളുള്ള പട്ടുകുപ്പായങ്ങളിഞ്ഞാണ് ‘വധൂവരന്മാര്‍ കതിര്‍മണ്ഡപത്തിലെത്തിയത്. അച്ഛനമ്മമാരുടെ സ്ഥാനത്ത് നിന്ന് ഉടമസ്ഥന്‍ കൈ പിടിച്ചുകൊടുത്തു. താലിയില്ല, മുല്ലയും താമരയും തുളസിയും കോര്‍ത്തിണക്കിയ പൂമാല അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു. തുടര്‍ന്ന് പതിവ് ചടങ്ങുപോലെ കേക്ക് കഴിക്കലും.
രണ്ടുവര്‍ഷം മുന്‍പാണ് സഹോദരങ്ങളായ ആകാശും അര്‍ജുനും വിദേശ ഇനത്തില്‍പ്പെട്ട ബീഗിള്‍ ബ്രീഡായ ആസിഡിനെ സ്വന്തമാക്കുന്നത്. പതിയെ വീടിന്റെ പൊന്നോമനയായി ആസിഡ് മാറി. അങ്ങനെ ആസിഡിനു കൂട്ടായി ഒരാളെക്കൂടി വേണമെന്ന് എല്ലാവര്‍ക്കും തോന്നി.
ഒരു വര്‍ഷമായി നടക്കുന്ന അന്വേഷണത്തിനൊടുവിലാണ് സുഹൃത്തിന്റെ സഹായത്തോടെ ജാന്‍വിയെ കണ്ടെത്തുന്നത്. അര്‍ജുന്റെയും ആകാശിന്റെയും അച്ഛനമ്മമാരുടെ ആഗ്രഹപ്രകാരമായിരുന്നു വിവാഹം. വിവാഹത്തില്‍ വധൂവരന്മാരുടെ സുഹൃത്തുക്കളും പങ്കെടുത്തു.