തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി-20 ക്രിക്കറ്റ് കേരളത്തില്‍ നടത്താമെന്ന് ബിസിസിഐ അറിയിച്ചതായി കായിക മന്ത്രി വി അബ്ദുറഹ്മാന്. ടി-20 പോരാട്ടത്തിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് വേദിയാകുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 20നാണ് മത്സരം.
ടി-20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിനാണ് കാര്യവട്ടം വേദിയാകുന്നത്. ആദ്യ മത്സരം കട്ടക്കിലും രണ്ടാം മത്സരം വിശാഖപട്ടണത്തുമാണ് നടക്കുക.
ഇടവേളയ്ക്ക് ശേഷം കേരളത്തിലേക്ക് വീണ്ടും അന്താരാഷ്ട്ര മത്സരമെത്തുന്നത് സംസ്ഥാനത്തെ കായിക മേഖലയില്‍ കൂടുതല്‍ ഗുണം ചെയ്യും. ഇതുവരെ ഒരു ഏകദിനവും രണ്ട് ടി-20യും ഉള്‍പ്പെടെ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് കാര്യവട്ടത്ത് നടന്നത്.
മാത്രമല്ല, അടുത്ത സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ മലപ്പുറം മഞ്ചേരി സ്റ്റേഡിയത്തില്‍ നടത്തുമെന്നും കായിക മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ കായിക മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് കമ്പനി രൂപീകരിക്കും. സ്റ്റേഡിയങ്ങളുടെ നവീകരണം തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പാക്കും. അണ്ടര്‍ 16 ഫുട്ബോള്‍ ക്യാംപ് കേരളത്തില്‍ സംഘടിപ്പിക്കുമെന്നും വനിതാ ഫുട്ബോള്‍, ബീച്ച് ഫുട്ബോള്‍ എന്നിവ പ്രോത്സാഹിപ്പിക്കുമെന്നും കായിക മന്ത്രി പറഞ്ഞു.
കേരളത്തിന് വേണ്ടി സമഗ്രമായ കായിക നയം സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കുമെന്ന് കായികമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. എല്ലാ ജില്ലകളിലും നേരിട്ടെത്തി സന്ദര്‍ശനം നടത്തി അടിസ്ഥാനപരമായി ഒരുക്കേണ്ട സൗകര്യങ്ങള്‍ എന്തെല്ലാമെന്ന് കണ്ടെത്താന്‍ ശ്രമിക്കുമെന്നുമായിരുന്നു മന്ത്രി വിശദീകരിച്ചത്. ഇതിന് പിന്നാലെ ജനുവരിയോടെ പുതിയ കായിക നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു.
Discussion about this post