തിരുവനന്തപുരം: മന്ത്രിമാർ പാവപ്പെട്ട ആളുകളുടെ കാര്യങ്ങൾക്ക് മുൻഗണന നൽകണമെന്ന് നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരുടെ മുന്നിലെത്തുന്ന ചില കടലാസുകൾ അങ്ങേയറ്റം പാവപ്പെട്ടവരുടേതായിരിക്കും. ഇതിന് മുൻഗണന നൽകുന്നു എന്നത് ഈ സർക്കാറിന്റെ ഏറ്റവും വലിയ പ്രത്യേകതയായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ഐഎംജിയിൽ നടക്കുന്ന മന്ത്രിസഭാംഗങ്ങൾക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാറിനെ അധികാരത്തിലേറ്റാനും അധികാരത്തിലേറ്റാതിരിക്കാനും ശ്രമിച്ചവരുണ്ട്. എന്നാൽ സർക്കാർ അധികാരത്തിലേറിക്കഴിഞ്ഞാൽ ഈ രണ്ടു ചേരികളുമില്ല. പിന്നീട് മുന്നിലുള്ളത് ജനങ്ങൾ മാത്രമാണ്. അപ്പോൾ ഏതെങ്കിലും തരത്തിലെ പക്ഷപാതിത്വം പാടില്ലെന്നും അദ്ദേഹം മന്ത്രിമാരെ ഓർമ്മിപ്പിച്ചു.
മന്ത്രിമാർക്ക് ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചതിന്റെ വലിയ അനുഭവ പരിചയം ഉണ്ടാവും. ഭരണപരമായ കാര്യങ്ങളിൽ മന്ത്രിമാരെപ്പോലെതന്നെ ഉദ്യോഗസ്ഥരുടെ പങ്കും പ്രധാനമാണ്. ഉദ്യോഗസ്ഥർക്ക് മാത്രമായി കാര്യങ്ങൾ നടപ്പാക്കാനാവില്ല. ഉദ്യോഗസ്ഥരുടെ അഭിപ്രായം നല്ലതാണെന്ന് കണ്ടാൽ അത് മന്ത്രിമാർ സ്വീകരിക്കണം. അത്തരം കാര്യങ്ങൾ ചർച്ച ചെയ്യണം. കേരളത്തിന്റെ അഭിമാന പദ്ധതിയായ ലൈഫിന്റെ ആശയം മുന്നോട്ടു വച്ചത് ഒരു ഉദ്യോഗസ്ഥനായിരുന്നു. മന്ത്രിമാർക്ക് ഇത്തരത്തിൽ നല്ല ബന്ധം ഉദ്യോഗസ്ഥരുമായി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post