ആലപ്പുഴ: രാജ്യത്ത് ഏറ്റവുമധികം മതംമാറ്റം നടത്തുന്ന ക്രിസ്ത്യൻ മിഷണറിമാരാണെന്ന് വെള്ളാപ്പള്ളി നടേശൻ. ചില ക്രിസ്ത്യൻ വിഭാഗങ്ങൾ മതംമാറ്റം നടത്തുന്നുണ്ടെന്നും മുസ്ലീങ്ങളെക്കാൾ കൂടുതൽ ക്രിസ്ത്യാനികളാണ് മതംമാറ്റിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. സത്യം തുറന്നു പറയുമ്പോൾ വർഗീയവാദി ആക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇസ്രായേലിൽ മരിച്ച സൗമ്യ ഈഴവ സമുദായത്തിൽപ്പെട്ട സ്ത്രീയായിരുന്നു. എന്നാൽ സംസ്‌കാരം നടന്നത് പള്ളിയിൽ വെച്ചാണ്. ദീപികയുടെ തലപ്പത്തിരുന്ന് ഫാദർ റോയി കണ്ണൻചിറ പറഞ്ഞത് സംസ്‌ക്കാരത്തിന് നിരക്കാത്തതാണ്. സീനിയറായ വൈദികന്റെ ഭാഗത്ത് നിന്നുമാണ് ഈഴവർക്കെതിരെ പരാമർശം ഉണ്ടായതെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
വൈദികപട്ടം കിട്ടുന്നത് ആരെക്കുറിച്ചും എന്തും പറയാനുള്ള ലൈസൻസ് അല്ല. പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്ക് ജിഹാദ് പ്രസ്താവനയെയും വെള്ളാപ്പള്ളി തള്ളി. മയക്കുമരുന്നിന്റെ പേരിൽ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ല. നാട്ടിലെ സ്‌കൂൾ കോളേജ് പരിസരങ്ങളിൽ എല്ലാം മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ട്. മുസ്ലിം സമുദായത്തെ മാത്രം അതിന്റെ പേരിൽ കുറ്റം പറഞ്ഞത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.