കോതമംഗലം: ഇരയെന്ന് തെറ്റിദ്ധരിച്ച് ഉടുമ്പിന്‍വാലില്‍ കടിച്ച രാജവെമ്പാലയെ തിരിച്ചു കടിച്ച് ഉടുമ്പ്. ഇതോടെ ഇരുവരും തമ്മില്‍ ഏറെനേരം ഏറ്റുമുട്ടി. 15 അടിയോളം നീളമുള്ള രാജവെമ്പാലയും സാമാന്യം വലുപ്പമുള്ള ഉടുമ്പും തമ്മിലാണ് കരിമ്പാനി വനത്തിലെ റോഡില്‍ ഏറ്റുമുട്ടിയത്.
ഞായറാഴ്ച ബീറ്റ് പട്രോളിങ്ങിനിറങ്ങിയ വനപാലകരാണ് ഈ അപൂര്‍വ രംഗം പകര്‍ത്തിയത്. സാധാരണ മറ്റ് പാമ്പുകളെ തിന്നുന്ന രാജവെമ്പാല ചെടികള്‍ക്കിടയില്‍ വാല് കണ്ട് പാമ്പാണെന്ന് കരുതിയാവും ഉടുമ്പിന്‍വാലില്‍ കടിച്ചത്. കടി വിടുവിച്ച് രക്ഷപ്പെടാന്‍ ഉടുമ്പ് കിണഞ്ഞു ശ്രമിച്ചെങ്കിലും വെമ്പാല വിട്ടില്ല.
തീറ്റയെന്ന് കരുതിയുള്ള കടിയായതുകൊണ്ടാണ് ഉടുമ്പിന് വിഷമേല്‍ക്കാതിരുന്നതെന്നാണ് നിഗമനം. കടി കണ്ട ഉടനെ, ഉടുമ്പ് തിരിച്ച് രാജവെമ്പാലയുടെ നടുഭാഗത്തായി കടിച്ചു. പത്തു മിനിറ്റോളം വനപാലകര്‍ ഈ രംഗം കണ്ടു. അവര്‍ എത്തുംമുമ്പേയായിരുന്നു ഇരുവരുടെയും ഏറ്റമുട്ടല്‍. അവസാനം കിടന്നുമറിഞ്ഞ് ഉടുമ്പാണ് ആദ്യം പിടിവിട്ട് കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടത്. ഓട്ടത്തിനിടെ വെമ്പാല പിന്നാലെയുണ്ടോ എന്നറിയാന്‍ ഉടുമ്പ് തിരിഞ്ഞുനോക്കി മരത്തില്‍ കയറി രക്ഷപ്പെടുകയും ചെയ്തു.
Discussion about this post