എറണാകുളം: കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കുട്ടി ഡോക്ടര്‍മാരുടെ കൂട്ടകോപ്പിയടി. 34 മൊബൈലുകളാണ് കോളേജ് അധികൃതര്‍ പിടികൂടിയത്. അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മെഡിസിന്‍ ഇന്റേണല്‍ പരീക്ഷയിലാണ് കൂട്ടകോപ്പിയടി പിടികൂടിയത്. കോപ്പിയടിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ ജേക്കബ് കെ ജേക്കബ്, ഡോ ജോസഫ് എന്നിവരെ ചുമതലപ്പെടുത്തിയതായി വകുപ്പ് മോധാവി ഡോ ജില്‍സ് ജോര്‍ജ് അറിയിച്ചു.
കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ 19 -ാം തീയ്യതിയാണ് പരീക്ഷ നടന്നത്. 96 പേര്‍ എഴുതിയ പരീക്ഷയില്‍ 34 വിദ്യാര്‍ത്ഥികളില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ പിടികൂടിയത്. പരീക്ഷാ ഹാളിലെ ഒരു വിദ്യാര്‍ത്ഥി കോപ്പിയടിയുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി രക്ഷിതാക്കള്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു. രക്ഷിതാക്കള്‍ ഇ മെയില്‍ വഴി ഇത് കോളേജ് അധികൃതരെ അറിയിച്ചപ്പോഴാണ് അധികൃതര്‍ കൂട്ടകോപ്പിയടിയുടെ വിവരം അറിയുന്നത്.
തുടര്‍ന്ന് നടന്ന പരീക്ഷയില്‍ കോളേജ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പരീക്ഷാ ഹാളിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടിയത്. ഇന്റേണല്‍ പരീക്ഷയാണെങ്കിലും ഈ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് അയച്ചു കൊടുക്കണം. ആരോഗ്യ സര്‍വ്വകലാശാല പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചിരുന്നു. പരീക്ഷാ ഹാളില്‍ മൊബൈല്‍ ജാമര്‍ ഉണ്ടെങ്കിലും കൂട്ടകോപ്പിയടി പിടിച്ചപ്പോഴാണ് ഇത് പ്രവര്‍ത്തിക്കുന്നില്ലെന്ന കാര്യം അറിഞ്ഞത്. കൂട്ടകോപ്പിയടിയെ കുറിച്ച് ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ലെന്നും പരീക്ഷ മാറ്റിവെക്കുകമാത്രമാണ് ചെയ്തിട്ടുള്ളതെന്നും കോളേജ് അധികൃതര്‍ വ്യക്തമാക്കി.
mbbs students exam 34 mobile phone seized in examination hall