ബംഗളൂരു:ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. കുടുംബാംഗങ്ങളുടെ കൂട്ട ആത്മഹത്യയ്ക്ക് കാരണം ഭാര്യയാണെന്ന് ആരോപിച്ച് പരാതി നല്‍കിയിരിക്കുകയാണ് ഗൃഹനാഥന്. പ്രാദേശിക കന്നഡ ദിനപത്രത്തിന്റെ എഡിറ്ററും ബെംഗളൂരു തിഗളാറപാളയയില്‍ താമസക്കാരനുമായ ഹല്ലെഗരെ ശങ്കറാണ് പരാതി നല്‍കിയത്.
ശങ്കറിന്റെ ഭാര്യ ഭാരതി (51) മക്കളായ സിഞ്ചന (34) സിന്ധുറാണി (31) മധുസാഗര്‍ (25) എന്നിവരെയും സിന്ധുറാണിയുടെ ഒമ്പത് മാസം പ്രായമുള്ള മകനെയുമാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ സിന്ധുറാണിയുടെ രണ്ടരവയസുള്ള മകള്‍ അപകടനില തരണം ചെയ്തതായാണ് പൊലീസ് അറിയിച്ചു.
എപ്പോഴും കുടുംബത്തില്‍ വഴക്കായിരുന്നുവെന്നും ഇതിന്റെ പ്രധാനകാരണം ഭാര്യ ഭാരതിയാണെന്നുമാണ് ശങ്കറിന്റെ ആരോപണം. പെണ്മക്കളെ വിവാഹം കഴിച്ചയച്ചിട്ടും ഇവരെ ഭര്ത്താക്കന്മാര്ക്കൊപ്പം താമസിക്കാന്‍ അനുവദിച്ചില്ല. ഇത് മക്കളുടെ ദാമ്പത്യജീവിതം തകരാനിടയാക്കിയെന്നും വിവാഹത്തിന് ശേഷം പെണ്മക്കള് ചെറിയ പരാതികള്‍ പറയുമ്പോള്‍ ഭാര്യ അതെല്ലാം ഏറ്റെടുത്ത് വലിയ പ്രശ്നങ്ങളാക്കിയെന്നും പരാതിയില്‍ പറയുന്നു.
ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങള്‍ കാരണം രണ്ട് പെണ്മക്കളും ഒന്നരവര്‍ഷമായി തങ്ങളുടെ വീട്ടിലാണ് താമസം. 20 ദിവസം മുമ്പ് സിന്ധുറാണി അമിതമായ അളവില്‍ ഗുളിക കഴിച്ചിരുന്നു. ഇതിന് ശേഷം ഭര്‍ത്താവ് ശ്രീകാന്തിനെതിരെ പൊലീസില്‍ പരാതി നല്കി. സിഞ്ചനയ്ക്കും ഭര്‍ത്താവുമായി സമാനപ്രശ്നങ്ങളുണ്ടായെന്നും ശങ്കറിന്റെ പരാതിയില്‍ പറയുന്നു.
ശങ്കറിന്റെ കുടുംബത്തില്‍ സാമ്പത്തികപ്രശ്നങ്ങളും രൂക്ഷമായിരുന്നുവെന്നാണ് പരാതിയിലുള്ളത്. അതേസമയം, ശങ്കറിന്റെ മൂന്ന് മക്കളും ഉന്നത വിദ്യാഭ്യാസയോഗ്യതയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. എം.ബി.എ. ബിരുദധാരിയായ സിഞ്ചനയും എന്‍ജിനീയറിംഗ് ബിരുദധാരിയായ സിന്ധുറാണിയും യു.പി.എസ്.സി പരീക്ഷകള്‍ക്ക് തയാറെടുത്തിരുന്നു.
ഐ.എ.എസോ ഐ.പി.എസോ നേടണമെന്നായിരുന്നു ഇവരുടെ സ്വപ്നം. ശങ്കറിന്റെ മകന് മധുസാഗറും എന്‍ജിനീയറിംഗ് ബിരുദധാരിയാണ്. ഒരു ദേശസാത്കൃത ബാങ്കിലാണ് മധുസാഗര്‍ ജോലിചെയ്തിരുന്നത്. കൂട്ട ആത്മഹത്യയില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
Discussion about this post