കൊല്ലം: കൊല്ലം ജില്ലയുടെ കളക്ടർ സ്ഥാനം ഒഴിഞ്ഞ ബി അബ്ദുൾ നാസർ ഐഎഎസും പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറും തമ്മിൽ വാക്പോര്. മുൻ കളക്ടർക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് പത്തനാപുരം എംഎൽഎയാണ് ആദ്യം രംഗത്തെത്തിയത്. പാതിരാത്രി ഫേസ്ബുക്ക് ലൈവ് ഇടാനല്ലാതെ മുൻകളക്ടറെ കൊണ്ട് ഒരു കാര്യവും ഉണ്ടായിരുന്നില്ല എന്നായിരുന്നു ഗണേഷിന്റെ വിമർശനം.
എന്നാൽ, ആളില്ലാത്ത പോസ്റ്റിൽ ഗോളടിക്കുകയാണോ നേതാവേ എന്ന് ഫേസ്ബുക്കിൽ കുറിപ്പ് എഴുതിയാണ് മുൻ കളക്ടർ ബി അബ്ദുൽ നാസർ ഗണേഷിന് പരോക്ഷ മറുപടി നൽകിയത്. തൊഴിലുറപ്പ് മിഷൻ ഡയറക്ടർ സ്ഥാനത്തേക്കാണ് ബി അബ്ദുൽ നാസർ ഐഎഎസ് പദവി മാറിയത്. ഇതിനുപിന്നാലെ പത്തനാപുരത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് കെബി ഗണേഷ് കുമാർ കളക്ടറായിരുന്ന അബ്ദുൽ നാസറിന്റെ പ്രവർത്തനങ്ങളെ വിമർശിച്ചത്.
ഒരു പ്രയോജനവും ഇല്ലാത്തതിനാൽ അബ്ദുൽ നാസർ വിളിക്കുന്ന യോഗങ്ങളിൽ താൻ പങ്കെടുക്കാറില്ലായിരുന്നെന്നും ഗണേഷ് പറഞ്ഞു. മുമ്പ് പത്തനാപുരം മണ്ഡലത്തിൽ നിലനിൽക്കുന്ന പട്ടയ പ്രശ്നങ്ങളുടെ പേരിൽ ഗണേഷിനെതിരെ രാഷ്ട്രീയ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ മുൻ കലക്ടറുടെ നിലപാടുകളാണ് പട്ടയ പ്രശ്നം പരിഹരിക്കാൻ തടസമായതെന്നായിരുന്നു ഗണേഷിന്റെ വിശദീകരണം.
ഈ വിമർശനങ്ങൾക്കാണ് ബി അബ്ദുൾ നാസർ തന്റെ ഫേസ്ബുക്ക് പേജിൽ പരോക്ഷ മറുപടി നൽകിയത്. ‘ഇതുവരെ മിണ്ടാട്ടം മുട്ടിപ്പോയതാണോ അതോ ആളില്ലാത്ത പോസ്റ്റിൽ ചുമ്മാ ഗോളടിക്കാമെന്നു കരുതിയോ. കൊള്ളാം നേതാവേ’-ഇതായിരുന്നു മുൻ കളക്ടറുടെ പോസ്റ്റ്.
Discussion about this post