കൊട്ടാരക്കര: ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അണികള്‍ സാമൂഹിക അകലം പാലിക്കാത്തതിനെ തുടര്‍ന്ന് പരിപാടി ഉപേക്ഷിച്ച് സുരേഷ് ഗോപി എംപി മടങ്ങി. ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെ കൊട്ടാരക്കര മാര്‍ത്തോമ്മാ ജൂബിലി മന്ദിരം ഹാളില്‍ സംഘടിപ്പിച്ച ചടങ്ങാണ് പാതിവഴിയില്‍ ഉപേക്ഷിച്ച് താരം മടങ്ങിയത്.
പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള ബിജെപിയുടെ സ്മൃതികേരം പദ്ധതിയില്‍ 71 പേര്‍ക്കു തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യാനാണ് സുരേഷ് ഗോപി എത്തിയത്. കാറില്‍ നിന്ന് ഇറങ്ങിയതു മുതല്‍ നേതാക്കളും പ്രവര്‍ത്തകരും തിക്കും തിരക്കും കൂട്ടി. സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ മടങ്ങുമെന്ന മുന്നറിയിപ്പും താരം നല്‍കിയിരുന്നു.
കാലം ചെയ്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്തയുടെ പേരില്‍ ജൂബിലിമന്ദിരം വളപ്പില്‍ ഓര്‍മ മരമായി തെങ്ങിന്‍തൈ നട്ടായിരുന്നു ചടങ്ങുകള്‍ക്കു തുടക്കം. തുടര്‍ന്ന് ജൂബിലി മന്ദിരം ഹാളില്‍ പൊതു ചടങ്ങിനെത്തി. അവിടെയും പ്രവര്‍ത്തകര്‍ സാമൂഹിക അകലം മറന്ന് തിക്കും തിരക്കും കൂട്ടി.
പല തവണ ആവശ്യപ്പെട്ടെങ്കിലും അകന്നു നില്‍ക്കാന്‍ പ്രവര്‍ത്തകര്‍ തയാറായില്ല. ഇതിനിടെ ഭിന്നശേഷിക്കാരായ 2 പേര്‍ക്ക് സുരേഷ് ഗോപി തെങ്ങിന്‍ തൈ വിതരണം ചെയ്തു. സീറ്റുകളിലിരിക്കാനും സാമൂഹിക അകലം പാലിക്കാനും വീണ്ടും അഭ്യര്‍ഥിച്ചു. വേദിയിലുണ്ടായിരുന്ന നേതാക്കളും മൈക്കിലൂടെ അഭ്യര്‍ഥന നടത്തി. എന്നിട്ടും അണികള്‍ അനുസരിച്ചില്ല. ഇതോടെ സുരേഷ് ഗോപി മടങ്ങുകയായിരുന്നു.
Discussion about this post