പാതയോരങ്ങളിലെ കരിമ്പ് ജ്യൂസ് ഇഷ്ടപ്പെടുന്നവര്‍ക്ക് മുന്നറിയിപ്പ്..! നിങ്ങളെ കാത്തിരിക്കുന്നത് ബിസിനസ് ലോബികള്‍, മാരകമായ രോഗങ്ങള്‍; ആശങ്ക ജനിപ്പിച്ച് ആരോഗ്യ വകുപ്പ്

കാഞ്ഞങ്ങാട്: ഏറെ നടന്ന് ക്ഷീണിക്കുമ്പോള്‍ അല്ലെങ്കില്‍ ഡ്രൈവിങിനിടയില്‍ ക്ഷീണിതരായാല്‍ സാധാരണ ചെയ്യുന്ന കാര്യമാണ് പാതയോരങ്ങളിലെ ചെറിയ കടകളില്‍ നിന്ന് ജ്യൂസ് വാങ്ങി കുടിക്കുന്നത്. അതുപോലെ തന്നെ പാതയോരങ്ങളില്‍ കാണുന്ന കരിമ്പ് ജ്യൂസ് കുടിക്കുന്നു. എന്നാല്‍ കേട്ടോളൂ അത്തരക്കാര്‍ക്ക് ഒരു മുന്നറിയിപ്പാണ് കാഞ്ഞങ്ങാട് നഗരസഭാ ആരോഗ്യ വിഭാഗം നല്‍കുന്നത്.

ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ഇങ്ങനെ വഴിയരികില്‍ വില്‍ക്കുന്ന കരിമ്പ് ജ്യൂസ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് കണ്ടെത്തല്‍. ഇത്തരം കടകളില്‍ ഉപയോഗിക്കുന്ന ഐസുകള്‍ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കടകള്‍ക്ക് അധികൃതര്‍ പൂട്ടിട്ടു. കാഞ്ഞങ്ങാട് നഗരസഭാ പരിധിക്കുള്ളില്‍ വരുന്ന വഴിയോര കരിമ്പ് കച്ചവടക്കാരെയാണ് നിരോധിച്ചത്. ഭക്ഷ്യയോഗ്യമായ വെള്ളത്തിന്റെ പിഎച്ച് മൂല്യം ഏഴാണ്. എന്നാല്‍ കരിമ്പ് ജ്യൂസില്‍ ചേര്‍ക്കുന്ന ഐസിന്റെ പിഎച്ച് മൂല്യം നാലെന്നാണു കണ്ടെത്തി.

കരിമ്പ് ജ്യൂസ് വില്‍ക്കുന്നത് ഇതരസംസ്ഥാന തൊഴിലാളികളാണെന്ന് ആരോഗ്യ പകുപ്പിലെ അധികൃതര്‍ വിലയിരുത്തുന്നു. അവര്‍ 400 രൂപ കൂലി വാങ്ങുന്ന തൊഴിലാളികള്‍ മാത്രമാണ്. ഇവര്‍ക്കു കരിമ്പും ഐസും എത്തിക്കുന്നതു കരാറുകാരാണ്. പാഴ്വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍നിന്നു ശേഖരിക്കുന്ന പഴയ ശീതീകരണ ശാലയിലാണ് ഐസ് സൂക്ഷിക്കുന്നത്. ഇതിലൂടെ വലിയ കണ്ണികളിലേക്കാണ് അന്വേഷണം വിരല്‍ ചൂണ്ടുന്നത്.

എന്നാല്‍ കാഞ്ഞങ്ങാട പരിസരത്ത് മാത്രമാണ് ഇപ്പോള്‍ ഇവ നിരോധിച്ചത്. ഇത്തരത്തിലുള്ള കച്ചവടക്കരും ലോബികളും സംസ്ഥാനത്ത് ഒട്ടാകെ ഇടം പിടിച്ചിട്ടുണ്ടെന്നും സൂക്ഷിച്ചില്ലെങ്കില്‍ പല മാരക അസുഖങ്ങള്‍ക്കും സമൂഹം സാക്ഷിയാകേണ്ടി വരുമെന്നും അധികൃതര്‍ ആശങ്ക ജനിപ്പിച്ചു….

Exit mobile version