തൃശൂർ:യുഡിഎഫ് നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ സംഘടിപ്പിക്കുന്ന സമരത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിൽ മുസ്ലിം ലീഗ്. ഞായറാഴ്ച ചേർന്ന ജില്ല ഭാരവാഹികളുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗത്തിലാണ് യുഡിഎഫ് സമരത്തിൽ പങ്കെടുക്കേണ്ടെന്ന തീരുമാനം നേതൃത്വം കൈക്കൊണ്ടത്.
നാർകോട്ടിക് ജിഹാദ് പരാമർശം നടത്തിയ പാലാ ബിഷപ്പിനെ പിന്തുണച്ച് പ്രസ്താനയിറക്കിയ യുഡിഎഫ് കൺവീനറെ നീക്കണമെന്ന ലീഗിന്റെ ആവശ്യം തഴഞ്ഞതോടെയാണ് നേതാക്കൾ പരസ്യമായി എതിർനിലപാട് സ്വീകരിച്ചത്. വിഷയത്തിൽ 20ന് മുമ്പായി സംസ്ഥാന നേതൃത്വത്തോട് തീരുമാനമെടുക്കാൻ അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് തീരുമാനം.
ഇക്കാര്യം യുഡിഎഫ് ചെയർമാൻ ജോസഫ് ചാലിശ്ശേരിയെയും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെയും അറിയിച്ചു.
യുഡിഎഫ് യോഗത്തിന്റെ തീരുമാനമായിട്ടായിരുന്നു വിവാദ പരാമർശം നടത്തിയ പാലാ ബിഷപ്പിനെ പിന്തുണച്ചുള്ള വാർത്തക്കുറിപ്പ് ഡിസിസിയുടെ ഔദ്യോഗിക മെയിലിൽനിന്ന് മാധ്യമങ്ങളിലെത്തിയത്.
ഇത് വിവാദമായതോടെ ഓഫിസ് സ്റ്റാഫിനെ സ്വാധീനിച്ച് വാർത്ത അയപ്പിച്ചതാണെന്നും വ്യാജമാണെന്നും വിശദീകരിച്ച് പരാമർശം ഒഴിവാക്കി വാർത്തക്കുറിപ്പ് മാറ്റി അയക്കുകയും ചെയ്തിരുന്നു.
Discussion about this post